സ്വന്തം ലേഖകന്‍: ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകമാണ് യുഎസിലെ ടെക്‌സസ് സംസ്ഥാനത്ത് പുതിയ നിയമത്തിനായുള്ള ആവശ്യം ശക്തമാകാന്‍ കാരണം.
ഷെറിന്‍ നിയമം എന്ന പേരില്‍ പുതിയ നിയമം വേണമെന്ന് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒന്പത് അല്ലെങ്കില്‍ 10 വരെ വയസ് പ്രായമുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. കുട്ടികളെ കാണാതായാല്‍ രക്ഷിതാക്കള്‍ നിശ്ചിത സമയത്തിനകം അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പുണ്ടാകണമെന്ന് ആക്ടിവിസ്റ്റുകളായ റീന ബാന, ബിലാല്‍ ഖലീക് എന്നവര്‍ ആവശ്യപ്പെട്ടു.
മലയാളി ദമ്പതികള്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറില്‍ ഡാലസില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തി.
ദുരൂഹസാഹചര്യത്തില്‍ കുട്ടി മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്‌ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്‌ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്‌ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലില്‍ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല