സ്വന്തം ലേഖകന്‍: യുഎസില്‍ മൂന്നു വയസുകാരി ഷെറിന് മാത്യുവിന്റെ മരണം; 15 മാസത്തിനു ശേഷം മലയാളിയായ വളര്‍ത്തമ്മ സിനി മാത്യുവിനെ വെറുതെ വിട്ടു. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഷെറിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനി മാത്യുവിനെ ജയില്‍ വിമോചിതയാക്കാന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ആംബര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിട്ടു.
സിനിക്കെതിരെ ഫയല്‍ ചെയ്തിരുന്ന ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ് ചാര്‍ജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് സിനിയെ കുറ്റവിമുക്തയാക്കി. ഉച്ചക്ക് ശേഷം അറ്റോര്‍ണിമാരുടെ അകമ്പടിയോടെ സിനി ജയിലിന് പുറത്തെത്തി. പതിനഞ്ചു മാസമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്. പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സിനി മറുപടി നല്കി.
ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നും സംഭവത്തില്‍ വേദനയില്ലെന്നും സ്വന്തം മകളോടൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ പറഞ്ഞു. ജയിലില്‍ നിന്നും എങ്ങേട്ടാണ് പോകുന്നതെന്ന് പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനോടും തന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദിയും അറിയിച്ചു.
വെസ്ലി മാത്യുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിനി മറുപടി പറഞ്ഞില്ല. വെസ്ലി മാത്യുവും സിനി മാത്യുവും തങ്ങളുടെ പാരന്റല്‍ റൈറ്റ്സ് ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടുകിട്ടുന്നതിന് വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും. വെസ്ലി മാത്യുവിനെതിരായ കേസ് മെയ് മാസത്തില്‍ വിചാരണ ആരംഭിക്കും. 2017 ഒക്ടോബറിലാണ് ഇവരുടെ വളര്‍ത്തുമകളായ മൂന്ന് വയസുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല