സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസ് അറിയിച്ചു. എറണാകുളം സ്വദേശികളായ വെസ്‌ലിസിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ കോടതിയില്‍ നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പോലീസ് അറിയിച്ചത്.
സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തി.
വീട്ടിലെ ഗാരേജില്‍വച്ച് നിര്‍ബന്ധിച്ച് പാലു കുടിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ പാല്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്‌ലി മൊഴി നല്കിയതെന്ന് റിച്ചാഡ്‌സണ്‍ നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാല്‍, അടിയന്തര ആരോഗ്യ സര്‍വീസിന്റെ സേവനം വെസ്‌ലി തേടിയില്ല. നഴ്‌സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തില്‍നിന്നു ചൂടുപോകും മുന്‌പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലെ ചപ്പുചവറുകള്‍ക്കൊപ്പം ഷെറിന്റെ മൃതദേഹവും കാറിന്റെ ഡിക്കിയില്‍ വച്ചു. അടുത്തുള്ള ഷോപ്പിംഗ് സെന്ററിലെത്തി ചവറുകള്‍ അവിടെ ഉപേക്ഷിച്ചു. കുറച്ചുകൂടി ദൂരം ഓടിച്ച് മൃതദേഹം കലുങ്കിനടിയില്‍ ഉപേക്ഷിച്ചു. ഫോണിലെ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഈ സമയം വെസ്‌ലി പ്രവര്‍ത്തനരഹിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഇന്ത്യയില്‍നിന്ന് ദന്പതികള്‍ ദത്തെടുത്ത ഷെറിനെ നവംബര്‍ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തുകയുമായിരുന്നു. ദന്പതികള്‍ അറസ്റ്റിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല