1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2017

സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. ദത്തെടുക്കാനെത്തിയപ്പോള്‍ ഇരുവര്‍ക്കും കുഞ്ഞിനോടു വലിയ സ്‌നേഹമായിരുന്നു. ഇവിടെ ആയിരുന്നപ്പോള്‍ പാലു കുടിക്കാനോ കഴിക്കാനോ അവള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ബബിതാ കുമാരി കൂട്ടിച്ചേര്‍ത്തു. ഇവര്‍ നടത്തിയിരുന്ന സ്ഥാപനം ഒന്നര മാസം മുന്‍പ് അടച്ചുപൂട്ടിയിരുന്നു.

ദത്തെടുത്ത ശേഷം ദമ്പതികള്‍ കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്യുകയായിരുന്നു. അതേസമയം ഷെറിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും മൃതദേഹം വീട്ടിനു പുറത്തേക്ക് കൊണ്ടുപോവാന്‍ സഹായിച്ചിട്ടില്ലെന്നും കുട്ടിയുടെ വളര്‍ത്തമ്മ സിനി മാത്യൂസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്.

ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഗരപ്രാന്തമായ ഡാളസിലെ കനാലില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകി പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു വെസ്‌ലി ആദ്യം പറഞ്ഞത്.

എന്നാല്‍ പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോള്‍ ശ്വാസ തടസ്സമുണ്ടായെന്നും തുടര്‍ന്ന് ബോധരഹിതയായ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ നിലച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നായിരുന്നു പിന്നീട് പറഞ്ഞത്. സംഭവം നടക്കുന്ന സമയത്ത് ഭാര്യ ഉറങ്ങുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. സിനി മാത്യൂസിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ കാര്യങ്ങള്‍ മുഴുവനായും പറയുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.