സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ കൊലപാതക കേസില്‍ സുഷമാ സ്വരാജ് ഇടപെടുന്നു, ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ ദത്തു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ ഷെറിന്റെ ദത്തെടുക്കല്‍ നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോട് ണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശരാജ്യങ്ങളിലേക്ക് ദത്തു നല്‍കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാവൂ എന്ന് മന്ത്രി വ്യക്തമാക്കി. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ് രാജ്യത്തെ ദത്തെടുക്കല്‍ നടപടികള്‍ നിയന്ത്രക്കുന്ന കേന്ദ്ര ഏജന്‍സിയായ കാര (ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി) അമേരിക്കയിലെ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ അഡോപ്ഷന് കത്തയച്ചു.
അതേസമയം, ഷെറിന്‍ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി യുഎസ് സെന്‍ട്രല്‍ അതോറിറ്റി ഫോര്‍ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്. കുട്ടിക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2014 ജൂലൈ 14ന് ബീഹാറിലെ ഗയയിലാണ് ഷെറിന്റെ ജനനം. നളന്ദ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നാണ് രണ്ടു വര്‍ഷം മുമ്പ് കൊച്ചി സ്വദേശിയായ വെസ്!ലി മാത്യൂസും ഭാര്യ സിനിയും കുഞ്ഞിനെ ദത്തെടുക്കുന്നത്. ദത്തെടുത്ത ശേഷം ദമ്പതികള്‍ കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്യുകയായിരുന്നു.
ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകി പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു വെസ്‌ലി ആദ്യം പറഞ്ഞത്. എന്നാല്‍ പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോള്‍ ശ്വാസ തടസ്സമുണ്ടായെന്നും തുടര്‍ന്ന് ബോധരഹിതയായ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ നിലച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്ന് മൊഴി മാറ്റി.
ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഗരപ്രാന്തമായ ഡാളസിലെ കനാലില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഭാര്യ ഉറങ്ങുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. സിനി മാത്യൂസിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ കാര്യങ്ങള്‍ മുഴുവനായും പറയുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല