1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു. ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസിനും വെസ്‌ലി മാത്യൂസിനും കുട്ടിയെ കാണാനുള്ള അവകാശം കോടതി മുന്നെ എടുത്തുകളഞ്ഞിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചത്.

രക്ഷിതാക്കളെന്ന രീതിയില്‍ ആദ്യ കുട്ടിയുടെ മേല്‍ ഇവര്‍ക്ക് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഷെറിന്‍ മാത്യൂസിന്റെ മരണത്തിന് ശേഷം സ്വന്തം കുട്ടിയായ നാല് വയസ്സുകാരിയെ കാണാനുള്ള അവകാശം ഇവരില്‍ നിന്നും കോടതി എടുത്തു കളഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ കാര്യം കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഒഴിഞ്ഞുകൊടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ഇവര്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അറ്റോര്‍ണി മിച്ച് നോള്‍ട്ട് അറിയിച്ചു.

ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. സിനി മാത്യൂസ് കൂട്ടുപ്രതിയാണ്. ഈയൊരു സാഹചര്യത്തിലാണ് രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഇവര്‍ ഒഴിഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.