സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ജഡ്ജിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നതു കൊണ്ട് തന്നെ അഴുകിയ നിലയിലായിരുന്നു. അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എലിസബത്ത് വെന്റൂറ പറഞ്ഞു. ‘കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയില്‍ നിന്നാണ് അഴുകിയ നിലയില്‍ ഷെറിന്‍ മാതൃൂസിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. അപ്പോഴേക്കും ആന്തരികാവയവങ്ങള്‍ ഭൂരിഭാഗവും പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നു’, ഡോ എലിസബത്ത് കോടതിയില്‍ പറഞ്ഞു.
ഹൃദയവും ശ്വാസകോസവുമെല്ലാം ഇത്തരത്തില്‍ തിന്നു തീര്‍ത്തതു കൊണ്ട് തന്നെ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. പാല് ശ്വാസകോശത്തില്‍ ചെന്നാണ് മരണമെന്ന് അതിനാല്‍ തന്നെ ഉറപ്പിക്കാനാവില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
കുട്ടി ഒട്ടേറെ തവണ ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എട്ട് മാസത്തിനിടെ അഞ്ച് തവണയാണ് കുട്ടിയുടെ എല്ലൊടിഞ്ഞത്. കുട്ടിക്ക് വൈറ്റമിന്‍ ഡിയുടെ കുറവും അതുമൂലമുള്ള കണരോഗവുമുണ്ടായിരുന്നു. പാല് കുടിക്കുമ്പോള്‍ ശ്വാസം മുട്ടിയ കുട്ടിക്ക് എന്ത് കൊണ്ട് വൈദ്യസഹായം നല്‍കിയില്ല എന്ന ചോദ്യത്തിന് ഭയം കൊണ്ടാണ് അതിന് മുതിരാത്തതെന്നാണ് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് കോടതിയോട് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല