സ്വന്തം ലേഖകൻ: ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഷൈനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടങ്ങിയത്.
കോക്പിറ്റിൽ കയറാൻ ശ്രമിച്ചത് അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.
ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകൾ നടത്തുകയുമായിരുന്നു. തുടർന്നു മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. നടൻ കുറച്ച് മാസം മുൻപും ഇതുപോലെ വിമാനത്താവളത്തിലെ എയർ ഇന്ത്യാ കൗണ്ടർ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടിരുന്നതായും വിവരമുണ്ട്. ഷൈൻ ടോമുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സഹതാരം എം. എ. നിഷാദ് പറഞ്ഞിരുന്നു.
ഇന്നലെ രാത്രി സിനിമയുടെ മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ, സമയത്ത് വിമാനത്താവളത്തിൽ എത്താത്തതിനാൽ അദ്ദേഹത്തിനു ഇന്നു ഉച്ചയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. ഷൈൻ തനിച്ചായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. സംവിധായകരും മറ്റു താരങ്ങളും ഇന്നലെ രാത്രി തന്നെ നാട്ടിലേക്ക് മടങ്ങി.
ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് വിമാനത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സംവിധായകന് സോഹന്‍ സീനുലാല്‍. കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചില്ലെന്നും ഷൈനിന്റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന് ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായതെന്നും സോഹൻ സീനുലാൽ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല