സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വീണ്ടും തിരഞ്ഞെടുത്തു. ഇതോടെ അടുത്ത മൂന്നുവര്‍ഷം കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രിയായി തുടരാം.
ഭരണഘടന പരിഷ്‌കരിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്നു വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ആബെ വ്യക്തമാക്കി. ഈ വര്‍ഷംതന്നെ പുതിയ ഭരണഘടനയുടെ കരട് ചര്‍ച്ച തുടങ്ങും. 1947ല്‍ യുഎസ് രൂപംനല്‍കിയ ഭരണഘടനയില്‍ അഴിച്ചുപണി വേണമെന്നതു ജപ്പാനിലെ പൊതുവികാരമാണെങ്കിലും പുതിയ ഭരണഘടന പാസ്സാക്കിയെടുക്കാനാവശ്യമായ വോട്ട് ആബെയ്ക്കു ലഭിക്കുമോയെന്നു വ്യക്തമല്ല.
നിലവിലുള്ള മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നും ആബെ സൂചിപ്പിച്ചു. ജപ്പാന്റെ ഇപ്പോഴത്തെ ഭരണഘടനയനുസരിച്ചു രാജ്യാന്തര തര്‍ക്കങ്ങളില്‍ ബലംപ്രയോഗിക്കാന്‍ സൈന്യത്തിന് അധികാരമില്ല. 2012 ഡിസംബര്‍ മുതല്‍ ആബെ പ്രധാനമന്ത്രിയാണ്. മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിലവില്‍ 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു തുടരാം. കാലാവധി പൂര്‍ത്തിയാക്കിയാല്‍ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാകും ആബെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല