സ്വന്തം ലേഖകന്‍: ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വന്‍ ഭൂരിപക്ഷം. ഉപരി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള സഖ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷം സ്വന്തമാക്കി. എന്നാല്‍ ഭരണഘടന പരിഷ്‌കരിച്ച് സൈനിക ഇടപടലിന് അവസരം സൃഷ്ടിക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉപയോഗിച്ച് ആബെ ശ്രമിക്കുമെന്ന വാദവുമായി ചൈന രംഗത്തെത്തി.
ഇങ്ങനെ സംഭവിച്ചാല്‍ മേഖലയുടെ സുരക്ഷിതത്വം അപകടത്തിലാവുമെന്നു ചൈന ചൂണ്ടിക്കാട്ടി. ഇതേസമയം, ഭരണഘടന ഭേദഗതി ചെയ്യണമെന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അജന്‍ഡ തിരക്കുപിടിച്ചു നടപ്പാക്കില്ലെന്ന് ആബെ സൂചന നല്‍കി.
ഭേദഗതി അത്യാവശ്യമാണെങ്കിലും എന്നാല്‍ വ്യാപകമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യം സംബന്ധിച്ച് അനന്തര നടപടി എടുക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ജപ്പാന്റെ സമാധാന ഭരണഘടനയ്ക്കു രൂപം കൊടുത്തത് വിജയികളാണ്. ഇതനുസരിച്ച് യുദ്ധം പൂര്‍ണമായി ഒഴിവാക്കണം. കൃത്യമായി പറഞ്ഞാല്‍ സായുധസേനയെ നിലനിര്‍ത്തുന്നതു പോലും ഭരണഘടനാവിരുദ്ധമാണ്.
എന്നാല്‍ സ്വയരക്ഷയ്ക്ക് സൈന്യം വേണമെന്ന നിലപാടാണ് ജപ്പാനില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം സ്വീകരിച്ചത്. ആബെ കുറെക്കൂടി മുന്നോട്ടു പോയി ആവശ്യമെങ്കില്‍ സുഹൃത് രാജ്യങ്ങളുടെ സഹായത്തിനു സൈന്യത്തെ അയയ്ക്കാമെന്ന നിലപാട് എടുത്തിരിക്കുകയാണ്.
യുദ്ധം ഉപേക്ഷിക്കണമെന്ന വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ ഒമ്പതാം വകുപ്പ് റദ്ദാക്കാനുള്ള നീക്കത്തില്‍ ജപ്പാനില്‍ത്തന്നെ പലര്‍ക്കും എതിര്‍പ്പുണ്ട്. ജപ്പാന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ഉറപ്പുനല്‍കുന്നതാണ് ഈ വ്യവസ്ഥയെന്നാണ് അവരുടെ വാദം. എന്നാല്‍ ഒമ്പതാംവകുപ്പ് ജപ്പാന്റെ പരാജയത്തിന്റെ പ്രതീകമാണെന്ന് ആബെയുടെ പാര്‍ട്ടി വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല