1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: ആയിരക്കണക്കിന് ആഡംബര കാറുകളേയും വഹിച്ച് കടലില്‍ ഒഴുകുന്നൊരു തീപിടിച്ച ഭീമന്‍ ചരക്ക് കപ്പല്‍. സിനിമയിലെ സീനല്ല, യഥാര്‍ഥ സംഭവമാണ്. ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടെയുള്ള വാഹനനിര്‍മാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി ‘ദി ഫെലിസിറ്റ് ഏസ്’ എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്.

തീപിടിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികസേനയുടേയും വ്യാമസേനയുടേയും സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഉപേക്ഷിച്ചനിലയിലുള്ള കപ്പല്‍ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ ആഡംബര വാഹനങ്ങള്‍ കാറിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കപ്പലില്‍ തങ്ങളുടെ 3965 കാറുകള്‍ ഉള്ളതായി ഫോക്‌സ്‌വാഗണ്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കാറുകളില്‍ നൂറിലധികം കാറുകള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോവുകയായിരുന്നു. തീപിടിച്ച് അപകടത്തില്‍പ്പെട്ട സമയത്ത് 1100ഓളം പോര്‍ഷേ കാറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കപ്പലില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ വൈകുമെന്ന് വാഹന നിര്‍മാണ കമ്പനികള്‍ അറിയിച്ചു.വാഹനങ്ങള്‍ നഷ്ടപ്പെടുന്നതിലും അധികം കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കപ്പലിലുള്ള കാറുകളുടെ എണ്ണത്തെ കുറിച്ച് പ്രതികരിക്കാന്‍ ലംബോര്‍ഗിനി അധികൃതര്‍ തയ്യാറായിട്ടില്ല.

മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തിന് തുല്യം വലിപ്പമുള്ള ഭീമന്‍ കപ്പലാണ് ഫെലിസിറ്റി ഏസ്. കാനഡയിലെ ഡേവിസ്‌വില്ലിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പലിന് തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ശ്രമം ഫലം കണ്ടിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പല്‍ ഇതുവരെ മലിനീകരണത്തിന് ഇടയാക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല സമുദ്രത്തിലൂടെയുള്ള ചരക്കുനീക്കത്തിനിടെ കപ്പലിന് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ല്‍ ഗ്രാന്‍ഡ് അമേരിക്ക എന്ന കപ്പലിന് തീപിടിച്ച് കടലില്‍ മുങ്ങിത്താഴുമ്പോള്‍ പോര്‍ഷേ, ഓഡി കാറുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം ആഡംബര വാഹനങ്ങളാണ് കപ്പലിലുണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.