സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കാണാതായ 10 പേര്‍ക്കു വേണ്ടി തെരച്ചില്‍ ശക്തം. കഴിഞ്ഞ ദിവസം എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് പസഫിക് സമുദ്രത്തില്‍ മുങ്ങിയത്. കപ്പലില്‍ 26 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു.
10 പേരെ കാണാതായതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. തെരച്ചിലിനായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും രണ്ട് കപ്പലുകളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.
ഇന്ത്യന്‍ നാവിക സേനയുടെ പി81 കപ്പല്‍ മനിലയില്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ കപ്പല്‍ തെരച്ചില്‍ നടത്തുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പല്‍ മുങ്ങിയത്. അപകടത്തില്‍ കാണാതായ കൊടുങ്ങല്ലൂര്‍ സ്വദേശി ക്യാപ്റ്റന്‍ രാജേഷ് നായര്‍ ഉള്‍പ്പെടെ 10 പേര്‍ക്കായി ജപ്പാന്‍ തീരരക്ഷാ സേന തിരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജേഷ് നായരുടെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല