സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം. അപകടത്തില്‍ കാണാതായ കൊടുങ്ങല്ലൂര്‍ സ്വദേശി ക്യാപ്റ്റന്‍ രാജേഷ് നായര്‍ ഉള്‍പ്പെടെ 10 പേര്‍ക്കായി ജപ്പാന്‍ തീരരക്ഷാ സേന തിരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജേഷ് നായരുടെ കുടുംബം.
ഇന്‍ഡൊനീഷ്യയില്‍നിന്ന് നിക്കല്‍ അയിരുമായി ചൈനയിലേക്കു പോവുകയായിരുന്ന എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പല്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറരയോടെയാണ് ഫിലിപ്പീന്‍സിന് 280 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടത്. സെക്കന്‍ഡ് എന്‍ജിനീയര്‍ സുരേഷ്‌കുമാറും ഉള്‍പ്പെടെ 26 ഇന്ത്യക്കാരാണ് ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ചെയ്ത കപ്പലിലുണ്ടായിരുന്നത്.
മലയാളിയായ സുരേഷ്‌കുമാര്‍ ഉള്‍പ്പെടെ 16 പേരെ ജപ്പാന്റെ കപ്പലുകള്‍ രക്ഷപ്പെടുത്തി. 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചക്കനാട്ട് ഓളിയില്‍ പരേതനായ രാമചന്ദ്രന്‍ നായരുടെ മകനായ രാജേഷിന്റെ കുടുംബം മുംബൈക്കടുത്ത് വസായ് വിരാറിലെ വിരാട് നഗറിലാണ് താമസം. ചെന്നൈ നുങ്കംപാക്കത്തെ വൃധി മാരിറ്റൈം കമ്പനിയിലാണ് രാജേഷ് ജോലി ചെയ്യുന്നത്.
കപ്പല്‍ അപകടത്തില്‍പ്പെട്ടെന്നും തിരച്ചില്‍ നടക്കുകയാണെന്നുമുള്ള ഇമെയില്‍ ലഭിച്ചതല്ലാതെ ചെന്നൈയിലെ കപ്പല്‍ കമ്പനിയില്‍നിന്ന് വേറെ വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് രാജേഷിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. പശ്ചിമ റെയില്‍വേയില്‍ ജോലിചെയ്യുന്ന ഭാര്യ രശ്മി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നേരില്‍ സംസാരിച്ചിരുന്നെങ്കിലും തിരച്ചില്‍ നടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല