സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കുമേല്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് പാക് പ്രതിരോധമന്ത്രിയാകുമെന്ന് സൂചന. ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ രാഷ്ട്രീയ നേതാവ് ഷിരിന് മസാരിയെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മസാരി ഇമ്രാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ചീഫ് വിപ്പ് കൂടിയാണ്. 1999ല്‍ ദ ഡിഫന്‍സ് ജേര്‍ണലില്‍ എഴുതിയ ഒരു ലേഖനത്തിലാണ് ഇന്ത്യയിലെ ജനവാസ, വ്യവസായ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന് അണ്വായുധം പ്രയോഗിക്കണമെന്നു മസാരി നിര്‍ദേശിച്ചത്. ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ ജനവാസ കേന്ദ്രങ്ങളോട് അടുത്താണെന്നും ഇത്തരം സ്ഥലങ്ങളിലെ ആക്രമണം ഇരട്ടി നാശം വിതയ്ക്കുമെന്നും മറ്റൊരു ലേഖനത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമനം ലഭിച്ചാല്‍ പാക് പ്രതിരോധ വകുപ്പ് പൂര്‍ണമായും കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രിയായിരിക്കും മസാരി. മുന്‍പ് ബേനസീര്‍ ഭൂട്ടോ 1988 മുതല്‍ 90 വരെ പ്രധാനമന്ത്രിപദത്തിനൊപ്പം പ്രതിരോധവകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇന്മ്രാന്‍ ഖാനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല