സ്വന്തം ലേഖകന്‍: ശിവസേന ചെകുത്താനെ പോലെ വളരുകയാണെന്ന് പാക് ദിനപത്രം ദി ന്യൂസ് ഇന്റര്‍നാഷണല്‍. പാകിസ്താനെതിരെ ശിവസേന നടത്തുന്ന തുടര്‍ച്ചയായ പ്രതിഷേധങ്ങളും കടന്നാക്രമണങ്ങളുമാണ് പാക് ദിനപ്പത്രത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശിവസേനയുടെ ഭ്രാന്ത് എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ചയിലെ എഡിറ്റോറിയലിലാണ് ദി ഇന്റര്‍നാഷണല്‍ ശിവസേനക്കെതിരെ ആഞ്ഞടിക്കുന്നത്.
ശിവസേനയെ ഇന്ത്യ നിയന്ത്രിക്കേണ്ട സമയമായി എന്നും പത്രം പറയുന്നുണ്ട്. ശിവസേന ഒരു ഭീകരരൂപിയായി വളരുകയാണ്. താമസിച്ചാല്‍ ഇതിനെ നിയന്ത്രിക്കാന്‍ വളരെ പ്രയാസമായിരിക്കും. പാകിസ്താനും പാക് ആശയങ്ങളുമാണ് ശിവസേനയുടെ മുഖ്യ ശത്രുക്കള്‍.
ഐ സി സിയുടെ എലൈറ്റ് പാനലിലുള്ള പാക് അമ്പയര്‍ അലിം ദാറിനെതിരെയാണ് ശിവസേന ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അലിം ദാര്‍ ആയിരുന്നു കളി നിയന്ത്രിക്കേണ്ടിയിരുന്നത്.
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടത്താനുള്ള ആലോചനയ്‌ക്കെതിരെ ബി സി സി ഐ ആസ്ഥാനത്ത് ശിവസേന പ്രതിഷേധം നടത്തിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി ചര്‍ച്ച നടക്കാനിരിക്കേയായിരുന്നു ഇത്. മുമ്പ് പാക് ഗായകന്‍ ഗുലാം അലി മുംബൈയില്‍ പാടുന്നതും ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല