സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർ ശ്ലോനിക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൽ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് ആവർത്തിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ക്യൂ.ആർ കോഡ് റീഡ് ചെയ്യുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ് ലിങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വെബ്സൈറ്റ് ലിങ്ക്: https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx
കുവൈത്തിൽനിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്യൂൺ ആപ്പിലോ മൊബൈൽ ഐഡി ആപ്പിലോ ഡൗൺലോഡ് ചെയ്ത് ഗ്രീൻ സിഗ്നൽ കാണിച്ചിരിക്കണം. അതിനിടെ കുവൈത്തിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ വെള്ളിയാഴ്ച മുതൽ കാണികളെ അനുവദിച്ചു തുടങ്ങും.
സ്റ്റേഡിയത്തിന്‍റെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവേശിപ്പിക്കുക. കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്.
മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിൻറെ നിർദേശങ്ങൾ പാലിക്കണം. വെള്ളിയാഴ്ച ആരംഭിക്കുന്ന കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ആണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത്തരത്തിൽ ആദ്യമായി കാണികൾക്ക് പ്രവേശനം അനുവദിച്ച് നടത്തുന്നത്.
ജഹ്റയും അൽ ഷബാബ് എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ വർഷം കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടന്നത്. കോവിഡ് വ്യാപനം കുറഞ്ഞതും വാക്സിനേഷൻ ദൗത്യം പുരോഗമിക്കുന്നതും വിലയിരുത്തിയായാണ് കായിക മത്സരങ്ങൾക്ക് കാണികളെ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല