സ്വന്തം ലേഖകന്‍: മണിപ്പൂരില്‍ ഇറോം ശര്‍മിളക്ക് ഞെട്ടിക്കുന്ന തോല്‍വി, രാഷ്ടീയം അവസാനിപ്പിക്കുന്നതായും മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് വരികയാണെന്നും ഇറോം. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്.
143 വോട്ടുകള്‍ നേടിയ നോട്ടക്കും പിന്നിലായതു ഇറോമിന് കനത്ത തിരിച്ചടിയായി. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആറു മാസം വിശ്രമത്തിന് പോകുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചുനാള്‍ കഴിയുമെന്നും ഇറോം പറഞ്ഞു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന് നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം ശര്‍മിള ഇപ്പോള്‍.
‘ഞാന്‍ കുറച്ച് നാളത്തേക്ക് മണിപ്പുര്‍ വിടുകയാണ്. ഞാന്‍ ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തില്‍ കഴിയും. ചിലപ്പോള്‍ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും സമയം ചെലവഴിക്കും,’ ഇറോം പറഞ്ഞു. ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും അവര്‍ വ്യക്തമാക്കി.
16 വര്‍ഷത്തെ ഉപവാസ സമരത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇറോം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല