സ്വന്തം ലേഖകന്‍: സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കാവല്‍ നിന്ന അമേരിക്കന്‍ സൈനികരും കരഞ്ഞതായി വെളിപ്പെടുത്തി മുന്‍ യുഎസ് സൈനികന്‍. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ കാവല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട യു.എസ് സൈനികര്‍ കരഞ്ഞതായി പ്രിസനര്‍ ഇന്‍ ഹിസ് പാലസ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
ജയിലില്‍ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന അമേരിക്കന്‍ സൈനികനായ വില്‍ ബാര്‍ഡന്‍വെപെര്‍ എന്ന സൈനികന്റേതാണ് പുസ്തകം. മറ്റു 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിന്റെ ജയില്‍ കാവലിന് നിയമിക്കപ്പെട്ടത്. വളരെ സൗഹാര്‍ദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവര്‍ അദ്ദേഹത്തെ ‘ഗ്രാന്‍ഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്‌കത്തില്‍ പറയുന്നു. തൂക്കിലേറ്റിയപ്പോള്‍ തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങള്‍ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങളെല്ലാവരും ആ സന്ദര്‍ഭത്തില്‍ കരഞ്ഞു,’ സൈനികന്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നു.
തന്റെ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലില്‍ പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവര്‍ കേട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. പൂന്തോട്ട നിര്‍മാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്‌നേഹിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ശരിയായ രീതിയില്‍ സിഗരറ്റ് വലിക്കാന്‍ തന്നെ പഠിപ്പിച്ചത് ഫിദല്‍ കാസ്‌ട്രോയായിരുന്നെന്ന് സദ്ദാം ഇവരോട് പറഞ്ഞിരുന്നുവത്രെ. 2006 ഡിസംബര്‍ 30 നാണ് സദ്ദാമിനെ തൂക്കിലേറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല