സ്വന്തം ലേഖകന്‍: രാത്രിയില്‍ മ്യാന്മര്‍ സൈനികര്‍ സുന്ദരികളായ യുവതികളുടെ വീടിന്റെ വാതിലില്‍ മുട്ടും, പിടിച്ചു കൊണ്ടുപോയവരില്‍ തിരിച്ചു വരുന്നത് ഭാഗ്യമുള്ളവര്‍, ഒരു റോംഗിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍. ഗാര്‍ഡിയന്‍ ദിനപത്രമാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് റോഹിംഗ്യകളുടെ ഞെട്ടിക്കുന്ന പലായനത്തിന്റെ കഥ പുറത്തുവിട്ടത്. ഹാമിദ ഖതൂം ബഹര്‍ എന്ന റോഹിംഗ്യന്‍ യുവതിയാണ് മ്യാന്മര്‍ സൈന്യം നടത്തിയ ക്രൂരതകളുടേയും തുടര്‍ന്നുള്ള പലായനത്തിന്റേയും കഥ പറയുന്നത്.
രാത്രി സൈനികര്‍ കതുകളില്‍ മുട്ടും. സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ നോക്കുന്നത്. കിട്ടിയാല്‍ പുറത്തു കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് വഴിയോരത്ത് കാണാം. വിറയ്ക്കുന്ന ശബ്ദത്തോടെ ഹാമിദ പറയുന്നു. ബംഗ്ലാദേശില്‍ എത്തുന്നതുവരെ തുടര്‍ച്ചയായി മൂന്നു ദിവസം ഇവര്‍ നടക്കുകയായിരുന്നു. കാലില്‍ ചെരുപ്പില്ല. കൊടുംകാട്ടിലൂടെയാണു നടക്കുന്നത്. പുറത്തു കൂടിയിട്ടിരിക്കുന്ന തുണിത്തൊട്ടിലില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്.
ഇടയ്ക്കു കുട്ടി വിശന്നുകരഞ്ഞപ്പോള്‍ ചെടികള്‍ പറിച്ച് അതിന്റെ ഇലകള്‍ കൊടുത്തതും ഇവര്‍ ഓര്‍മ്മിക്കുന്നു. വിരജീവികള്‍ മണ്ണില്‍ ഇഴയുന്നതു കണ്ടാല്‍ ബഹര്‍ അവയെ പിടിച്ചുകൊടുക്കും കുട്ടിക്ക്. ദാഹം തോന്നുമ്പോള്‍ ശബ്ദമുണ്ടാക്കി ഒഴുകുന്ന അരുവിയിലെ വെള്ളം കുടിക്കും. മൂന്നു പകലും രാത്രിയും നടന്നപ്പോള്‍ നഫ് നദി കാണാനായി. യാത്രക്കാരെ നദി കടത്തുന്ന ചെറുവള്ളങ്ങളെന്നു പറയാവുന്ന ബോട്ടുകളും കാണാനായി. ബോട്ടില്‍ കയറാന്‍ ആഞ്ഞപ്പോഴേക്കും ബഹര്‍ വീണുപോയി. മണ്ണില്‍ മുഖമടിച്ചുവീണ് ബഹര്‍ പൊട്ടിക്കരഞ്ഞു.
വിശപ്പും ദാഹവും സഹിക്കാനാകാതെ കുട്ടിയും. എങ്ങനെയോ ബോട്ടില്‍ എത്തിപ്പിടിച്ചു കയറി. ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. രാജ്യം ഉപേക്ഷിക്കാന്‍ മനസില്ല എന്നാല്‍ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലെന്ന് ദുഖവും ക്ഷീണവും തളര്‍ത്തിയ ബഹര്‍ ഇടറുന്ന വാക്കുകളില്‍ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു. ഇപ്പോഴും ഞങ്ങള്‍ക്കു വിശപ്പടക്കാനോ ദാഹം മാറ്റാനോ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ ജീവനില്‍ പേടിയില്ലാതെ ജീവിക്കാമല്ലോ. ഇപ്പോള്‍ ബംഗ്ലാദേശിലെ ക്യാംപില്‍ കഴിയുന്ന ഹാമിദ പറയുന്നു.
ഹാമിദയുടെ ഭര്‍ത്താവ് അമിനുള്ള ഇതിനിടെ തലനാരിഴക്കാണ് മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അമിനുള്ള ആക്രമിക്കപ്പെട്ടത്. ദേഹത്തു തുളഞ്ഞു കയറിയ വെടിയുണ്ട ദിവസങ്ങള്‍ക്കുശേഷം നീക്കം ചെയ്യുകയായിരുന്നു. കാട്ടില്‍ എത്തിയാല്‍ പല വഴി നഫ് നദി ലക്ഷ്യമാക്കി നീങ്ങുന്ന ആയിരക്കണക്കിനു ഗ്രാമീണരെ കാണാം അമിനുള്ള പറയുന്നു.
നഫ് നദിയില്‍ ബംഗ്‌ളദേശ് രൂപയാണു കടത്തുകാരന്‍ ആവശ്യപ്പെടുന്നത്.
അതു കൊടുക്കാന്‍ കഴിയാത്തവര്‍ കൈവശമുള്ള വിലപിടിപ്പുള്ളതു കൊടുത്ത് ബംഗ്ലാദേശില്‍ കടക്കുന്നു. ആക്രമണം രൂക്ഷമായ ആഗസ്റ്റ് 25 നു ശേഷം ഇപ്രകാരം അതിര്‍ത്തി കടന്ന് ബംഗ്ലാദേശില്‍ എത്തിയത് മൂന്നര ലക്ഷം റോഹിംഗ്യകള്‍ ആണെന്നാണ് യുഎന്നിന്റെ കണക്ക്. മ്യാന്‍മറില്‍ മാത്രം 13 ലക്ഷത്തോളം റോഹിങ്ക്യനുകള്‍ ഉണ്ട്. ആരക്കന്‍ രോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(ആര്‍സ) യും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതാണ് ഇപ്പോഴത്തെ അഭയാര്‍ഥികളുടെ ഒഴുക്കിന് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല