നാം ഭാരതീയര്‍, ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതരാകുന്നവര്‍. എന്നിട്ട് എന്തുകൊണ്ട് നമ്മുടെ ഭരണകൂടവും സുരക്ഷാ സംവിധാനവും നിയമങ്ങളും പലപ്പോഴും നോക്കു കുത്തികളായി മാറുന്നു എന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം കൊല്ലം നീണ്ടകരയില്‍ ഒരു ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികള്‍ നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടത് നമ്മുടെ അഭിമാന പ്രശ്നം കൂടിയാണ്.
കേരളക്കരയില്‍ നിന്നും പതിനാലു നോട്ടിക്കല്‍ മൈല്‍ അകലെ ഒരു കപ്പലില്‍ നിന്നും വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു എന്ന ആദ്യ വാര്‍ത്ത തന്നെ നമ്മളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു അതിനുശേഷം വെടിയേറ്റ രണ്ടു പേര്‍ മരിച്ചുവെന്നും ഇറ്റാലിയന്‍ കപ്പലില്‍ നിന്നും സോമാലിയന്‍ കൊള്ളക്കാര്‍ ആണെന്ന് കരുതിയാണ് വെടിവച്ചതെന്നും വാര്‍ത്ത വന്നപ്പോള്‍ കേരളം ഒന്നടങ്കം ആ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയില്‍ സഹതപിച്ചിരുന്നു. സേനയും തീരദേശ പോലീസും കപ്പല്‍ കണ്ടു പിടിക്കുകയും അവരോട് കൊച്ചിയിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് വേഗത്തില്‍ ഇടപെടുകയും ഇറ്റാലിയന്‍ കപ്പല്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്യും എന്ന് നാം വിശ്വസിക്കുകയും ചെയ്തു.
എന്നിട്ട് എന്തുണ്ടായി? പിന്നീട് നടന്ന കാര്യങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ളതായിരുന്നുവോ? കൊച്ചി ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ ആരെയും തന്നെ സമയത്തിനു അറസ്റ്റ് ചെയ്യാനോ നേരാം വണ്ണം ചോദ്യം ചെയ്യണോ പോലും നമുക്ക് കഴിഞ്ഞില്ല. കപ്പിത്താന്‍ പോലീസുമായി സഹകരിക്കുന്നില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. കഷ്ടം തന്നെ! ഇന്ത്യ ഇന്ന് ഒരുത്തന്റെയും അടിമയല്ല എന്നുള്ള കാര്യം നിയമപാലകര്‍ മറന്നു പോയിരിക്കുന്നു.
അതേസമയം ഇന്ത്യാക്കാര്‍ക്ക് നേരെ കടലില്‍ ഉണ്ടാകുന്ന ആക്രമങ്ങള്‍ക്ക് നമ്മുടെ നിയമങ്ങള്‍ എത്രത്തോളം സഹായകരമാകും എന്ന് നാം കാണേണ്ടതാണ്. കപ്പല്‍ അതിന്റെ സ്വയരക്ഷ മുന്‍ നിര്‍ത്തിയാണ് വെടി വച്ചത് എന്നാണ് അവരുടെ വാദം. United Nation Convention on Law of Sea (UNCLOS) പ്രകാരം ഇന്ത്യയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ വരെ കടലില്‍ ഇന്ത്യയുടെ അധികാരം നിലനില്‍ക്കുന്നു. Territorial Sea എന്നാണ് ഈ കടല്‍ പ്രദേശത്തെ അറിയപ്പെടുന്നത്. അതായത് ഈ പ്രദേശങ്ങളില്‍ ഇന്ത്യയുടെ കരഭാഗങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അതേപടി ബാധകമാണ്.
ഈ 12 നോട്ടിക്കല്‍ മൈലിനു ശേഷമുള്ള പിന്നീടുള്ള 12 നോട്ടിക്കല്‍ മൈല്‍, അതായത് കരയില്‍ നിന്നുമുള്ള 24 നോട്ടിക്കല്‍ മൈല്‍ അറിയപ്പെടുന്നത് Contiguous Zone എന്നാണ്. ഇവിടെ ഇന്ത്യക്ക് ചില അവകാശങ്ങള്‍ മാത്രമേ ഉള്ളൂ. ഈ 24 നോട്ടിക്കല്‍ മൈലിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള Exclusive Economic Zone എന്നറിയപ്പെടുന്ന പ്രദേശത്ത് മത്സ്യബന്ധനം, എണ്ണ പര്യവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ UNCLOS പോലെയുള്ള അന്താരാഷ്‌ട്ര നിയമങ്ങള്‍ ആയിരിക്കും അവിടെ ബാധകമാവുക. അതിനപ്പുറമുള്ള കടല്‍ പ്രദേശം ആര്‍ക്കും അവകാശമില്ലാത്ത മേഖലയാണ്.
ഇനി നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും ദൂരം സംബന്ധിച്ച് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനെ ക്കുറിച്ച് പറയാം. കരയില്‍ നിന്ന് വെടിവയ്‌പു നടന്ന സ്ഥലത്തേക്കുള്ള ദൂരം 33 നോട്ടിക്കല്‍ മൈല്‍ ആന്നൊണ് സംഭവത്തെക്കുറിച്ചുള്ള പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ ഉന്നയിച്ച വാദം വെടിവയ്‌പ്പു നടന്നത് കരയില്‍നിന്ന് 22..5 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനുള്ളിലാണ് എന്നാണ്. ഇതുതമ്മിലുള്ള വ്യത്യാസം കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് പുറത്തുവരുന്നത്.
നീണ്ടകരയില്‍ നിന്നു മീന്‍പിടിക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് സംഭവ സമയത്ത് സഞ്ചരിച്ചിരുന്ന കായംകുളം അമ്പലപ്പുഴ ഭാഗത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളിലണ് തീരദേശ പൊലീസ് സ്റ്റേഷന്‍ എന്ന് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ബോട്ട് പുറപ്പെട്ട നീണ്ടകരയില്‍ നിന്നുള്ള ദൂരമാണ് 33 നോട്ടിക്കല്‍ മൈല്‍. ഇത് രേഖപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപമണമാണ് ഉയര്‍ന്നു വരുന്നത്.
മര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റ്, 1958 പ്രകാരം നാശനഷ്ടങ്ങള്‍ വരുത്തുന്ന അന്യദേശ കപ്പലുകള്‍ക്ക് നേരെ പിടിച്ചെടുക്കല്‍ ഓര്‍ഡര്‍ നടപ്പാക്കാം. ഇത് അറസ്റ്റിനു തുല്യമായി കണക്കാക്കാം. പക്ഷെ കപ്പലിനെ ഒരു കമ്പനി പോലെ വേണം കണക്കാക്കാന്‍. അതായത് കപ്പലാണ് കുറ്റം ചെയ്തത് എന്നായിരിക്കും കണക്കാക്കുന്നത്. കപ്പലിലെ ക്യാപ്ടന്‍ ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ ആക്കാനോ കസ്റ്റഡിയില്‍ വയ്ക്കാനോ സാധ്യമല്ല എന്നും നിയമം പറയുന്നു.
പക്ഷെ ഇറ്റാലിയന്‍ അംബാസഡര്‍ ഈ സംഭവം നടന്നത് എക്ലുസീവ് എകൊണോമിക് സോണില്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞ വിവരങ്ങള്‍ പ്രകാരം ഇത് 30 നോട്ടിക്കല്‍ മൈലില്‍ നടന്ന സംഭവമായാണ് വിവരിക്കുന്നത്. കൂടാതെ സോമാലിയന്‍ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്. സോമാലിയന്‍ കൊള്ളക്കാരാരുടെ ആക്രമത്തില്‍ നിന്നും രക്ഷപെടുവാന്‍ നിയമപ്രകാരം എല്ലാ കപ്പലുകളും സ്വന്തം നിലയില്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മിക്കവാറും സ്വകാര്യ സെക്യൂരിറ്റിക്കാരാണ് ഇത് നിര്‍വഹിക്കുന്നത്.
സ്വയരക്ഷമുന്‍നിര്‍ത്തി ആയുധങ്ങള്‍ എത്രത്തോളം ഉപയോഗിക്കാം എന്നതില്‍ ഇപ്പോഴും ഒരു വ്യക്തത കൈവന്നിട്ടില്ല. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (IMO) ഈയിടെ വിവിധ രാജ്യങ്ങളോട് സ്വയരക്ഷക്ക് വേണ്ടി തോക്കുകള്‍ കൈവശം വയ്ക്കരുത് എന്നു പറയുകയുണ്ടായി. ഇങ്ങനെ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ പൈറസി നടത്തുന്നവരും കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനമാകും എന്നതായിരുന്നു അവരുടെ അഭിപ്രായം.
നിയമത്തെയെല്ലാം മാറ്റി നിര്‍ത്തിയാല്‍ തന്നെയും കൊല്ലപ്പെട്ട മത്സ്യ തൊഴിലാളിയുടെ ഘാതകരെ നമ്മുടെ ഭരണകൂടവും നീതീവ്യവസ്ഥയും വെറുതെ വിട്ടാല്‍ അതില്‍ പരം അപമാനം നാം ഇന്ത്യക്കാര്‍ക്ക് മറ്റൊന്നും ഉണ്ടാകില്ല. ഏതവര്‍ക്കും കയ്യേറി മെരുങ്ങാവുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന ധാരണ ഓരോ ഭാരതീയനിലും സംശയിച്ചു നില്‍ക്കും. അഭിമാനപൂരിതമായ അന്തരംഗം അപമാനപൂരിതമാക്കി തീര്‍ക്കേണ്ടി വരും. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അധികാരികളും പുച്ഛിക്കപ്പെടും. ജനം അവരെ നട്ടല്ലെല്ലിത്താവരെന്നു വിധിയെഴുതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല