സ്വന്തം ലേഖകന്‍: പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം. പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ആക്രമണം നടത്താന്‍ ശ്രമിച്ച സിയാദ് ബിന്‍ ബെല്‍കാസിം കൊടുംകുറ്റവാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ആക്രമണശ്രമത്തെ തുടര്‍ന്ന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അക്രമം, മോഷണം എന്നിവ നടത്തിയതിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിടിച്ചുപറിക്കേസില്‍ ഇയാള്‍ 2001ല്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചിതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അനധികൃത മദ്യക്കടത്തിനെ തുടര്‍ന്ന് 2009 ലും ഇയാള്‍ ജയിലില്‍ല്‍ കിടന്നിരുന്നു. അക്രമ സംഭവത്തെ തുടര്‍ന്ന് മറ്റു മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, തന്റെ മകനെ കുറ്റവാളിയാക്കിയത് മദ്യമാണെന്ന് സിയാദിന്റെ പിതാവ് പറഞ്ഞു. സിയാദ് ഒരിക്കലും മതപരമായ കാര്യങ്ങളില്‍ ഒരു താത്പര്യവും കാണിക്കാറില്ലെന്നും മദ്യപാനമാണ് മകനെ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍, ഒരാള്‍മാത്രം പങ്കാളിയായ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ തെക്കന്‍ ടെര്‍മിനലില്‍ വെച്ചാണ് സിയാദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചത്, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സിയാദിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു.
സൈനികന്റെ തോക്ക് പിടിച്ച് വാങ്ങിയ സിയാദ് ഒരു കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പോലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തിനകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്നും ഭീകരാക്രമണം ആണെന്നുമുള്ള വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല