സ്വന്തം ലേഖകന്‍: പാരീസിലെ വിമാനത്താവളത്തില്‍ സുരക്ഷാ സൈനികന്റെ തോക്കു തട്ടിപ്പറിക്കാന്‍ ശ്രമം, അക്രമിയെ വെടിവച്ചു കൊന്നു. ഫ്രാന്‍സിലെ പാരീസ് ഒര്‍ലി വിമാനത്താവളത്തിലാണ് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു.
വിമാനത്താവളത്തിന്റെ തെക്കന്‍ ടെര്‍മിനലില്‍ വെച്ചാണ് വെടിവപ്പുണ്ടായത്. സൈനികന്റെ തോക്ക് പിടിച്ച് വാങ്ങിയ അക്രമി ഒരു കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പോലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വിമാനത്താവളത്തിനകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
അപ്രതീക്ഷിതമായി വെടിയൊച്ച കേട്ട യാത്രക്കാര്‍ പരിഭ്രമിച്ച് ബഹളം വച്ചതും ഭീകരാക്രമണം ആണെന്ന വാര്‍ത്ത പരക്കാന്‍ കാരണമായി. എന്നാല്‍ ഭീകരാക്രമണത്തിനുള്ള ശ്രമമാണോ നടന്നതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ കൂടെ സഹായികള്‍ ആരെങ്കിലുമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്.
ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമങ്ങളെ തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആക്രമണത്തിനു ശേഷം വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനങ്ങളിലെ യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല. പാരിസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് ഒര്‍ലിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല