സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂളില്‍ വെടിവെപ്പ്, പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് മുന്‍ അധ്യാപകന്‍. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. റമസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി. മോശം പെരുമാറ്റത്തിന്റെ പേരില്‍ നാലുവര്‍ഷം മുന്‍പു പുറത്താക്കിയ അധ്യാപകനാണു വെടിയുതിര്‍ത്തതെന്നു സ്‌കൂള്‍ നടത്തിപ്പുകാരായ കിങ്ഡം ഹോള്‍ഡിങ് അറിയിച്ചു.
‘കിങ്ഡം’ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പ്രദേശികസമയം ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു ആക്രമണം. മരിച്ച പ്രിന്‍സിപ്പല്‍ പലസ്തീന്‍ വംശജനായ യുഎസ് പൗരനാണ്. അധ്യാപകന്‍ സൗദി സ്വദേശിയും. പ്രതി അറബ് വംശജനാണെന്നാണു പ്രാഥമിക വിവരം. സംഭവസ്ഥലത്തു നിന്ന് മാറി നില്‍ക്കാന്‍ സൗദി സുരക്ഷാ വിഭാഗം പൊതുജനങ്ങളോടള ആവശ്യപ്പെട്ടു.
പിരിച്ചുവിട്ടതിലുള്ള ദേഷ്യം തീര്‍ക്കാനാണു മുന്‍ അധ്യാപകന്‍ ക്രൂരകൃത്യം ചെയ്തതെന്നു കിങ്ഡം ഹോള്‍ഡിങ് സിഇഒയും കിങ്ഡം സ്‌കൂള്‍സ് ചെയര്‍മാനുമായ തലാല്‍ അല്‍ മെയ്!മാന്‍ അറിയിച്ചു. പ്രമുഖ വ്യവസായിയും രാജകുടുംബാംഗവുമായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റേതാണു കിങ്ഡം ഹോള്‍ഡിങ്. വെടിവെപ്പിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് പുറത്തുവിടുമെന്നും സൗദി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല