സ്വന്തം ലേഖകന്‍: വിസ തര്‍ക്കം വെടിവപ്പില്‍ കലാശിച്ചു, മെക്‌സിക്കോയില്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ സഫര്‍ സിയ (31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ഗൗദലജരയിലെ ഷോപ്പിംഗ് സെന്ററിന് പുറത്തുവച്ച് നയതന്ത്ര പ്രതിനിധിക്ക് വെടിയേറ്റത്. എഫ്.ബി.ഐയും ഡിഇഎയും ജിലാസ്‌കോ സ്‌റ്റേറ്റ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സിയയെ പിടികൂടിയത്.
.38 കാലിബര്‍ പിസ്റ്റളും വിഗ്ഗും സിയയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. വിഗ്ഗും നീല നിറത്തിലുള്ള നഴ്‌സിംഗ് യൂണിഫോമും അണിഞ്ഞെത്തി ഒരാളാണ് വെടിവച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സിയയുടെ പക്കല്‍ നിന്നും കാലിഫോര്‍ണിയ രജിസ്‌ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ നഗരമായ ഗ്വാഡലാജാരയിലെ യു.എസ് കോണ്‍സുലേറ്റിനു മുന്നിലായിരുന്നു സംഭവം.
പ്രതിയെ യു.എസിലേക്ക് അയച്ചുവെന്നും അവിടെ വിചാരണ നേരിടുമെന്നും മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയവും അറ്റോര്‍ണി ജനറല്‍ ഓഫിസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് നീല നിറത്തിലുള്ള നഴ്‌സിന്റെ യൂനിഫോം അണിഞ്ഞ യുവാവ് മെക്‌സികോയിലെ രണ്ടാമത്തെ വലിയ നഗരത്തില്‍ വെടിവയ്പ് നടത്തിയത്.
പ്രതി അമേരിക്കക്കാരനാണെന്ന് നേരത്തെ മെക്‌സിക്കോ അറിയിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തിനുള്ള പ്രേരണ എന്താണെന്നോ പ്രതിയുടെ വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എഫ്.ബി.ഐയും യു.എസ് എംബസിയുമായി സഹകരിച്ചാണ് അന്വേഷണമെന്ന് മെക്‌സിക്കന്‍ പൊലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്.ബി.ഐ 20,000 യു.എസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല