സ്വന്തം ലേഖകന്‍: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികപീഡന പരാതി; പ്രശ്‌നം പാര്‍ട്ടിതലത്തില്‍ കൈകാര്യം ചെയ്യുമെന്ന് കൊടിയേരി. ശശിക്കെതിരെ മൂന്നാഴ്ച മുന്‍പു തന്നെ പരാതി ലഭിച്ചിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ശശിക്കെതിരെ പരാതി ലഭിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു. തുടര്‍നടപടി സ്വീകരിക്കാന്‍ കേരള ഘടകത്തിന് നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞു. എന്നാല്‍ പരാതി മൂന്നാഴ്ച മുമ്പ് ലഭിച്ചിരുന്നെന്നും പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കുമെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.
പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. പൊലീസിനെ അറിയിക്കേണ്ട വിഷയമില്ല. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാര്‍ട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
എംഎല്‍എയ്‌ക്കെതിരെ ഓഗസ്റ്റ് 14നു വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്നാണു യുവതി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി ഇമെയിലായി അയച്ചത്. എന്നാല്‍, തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നാണ് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല