നമ്മുടെ സമൂഹം അല്ലെങ്കില്‍ നാട്ടുകാര്‍ ഓരോര്‍ത്തര്‍ക്കും ഓരോ സ്ഥാനം കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്, അവിടെ ഇരുന്നു കൊള്ളണം എന്നാണ് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും അപ്രഖ്യാപിത നിര്‍ദേശം. ഇനി അഥവാ ആരെങ്കിലും ഇത് തെറ്റിച്ചാലോ അതൊരു വാര്‍ത്തയായി.. പിന്നെ ചര്‍ച്ച, കാരണം തിരക്കി അന്വേഷണം. ഹോ! ഒന്ന് വ്യത്യസ്തമായി ചിന്തിക്കാനും ചെയ്യാനുമുള്ള പ്രൈവസി പോലും നമുക്കില്ലേ? ഇത്തരത്തില്‍ വ്യത്യസ്തതയാണ് ഒരു സംഭവത്തെ കൊണ്ടാടപ്പെടുന്ന വാര്‍ത്തയാക്കി മാറ്റുന്നത്. ഉദാഹരണമായി സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നതോ മോഹന്‍ലാല്‍ അഭിനയിക്കുന്നതോ ഒരു വാര്‍ത്തയല്ല, നേരെ തിരിച്ച് സച്ചിന്‍ അഭിനയിച്ചാല്‍ മോഹന്‍ലാല്‍ ക്രിക്കറ്റ് കളിച്ചാല്‍ അതൊരു വാര്‍ത്തയാണ്.
രാഷ്ട്രീയത്തെ വളരെ ഗൌരവമായി കാണുകയും രാഷ്ടീയകാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്യുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ മലയാളികളുടെ പൊതുബോധം രാഷ്ട്രീയക്കാര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്നത് കപടഗൌരവത്തിന്റെ പുറന്തോടാണ്. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പാടുന്നതും ആടുന്നതും നമുക്ക് ആരോജകമായി തോന്നുന്നതും. തങ്ങളുടെ പ്രശ്നങ്ങള്‍ പോരാടി നേടിത്തരാന്‍ പാകത്തിനുള്ള ഒരു പക്വത നമ്മുടെ നേതാക്കളില്‍ നാം പ്രതീക്ഷിക്കുന്നു. എന്നുകരുതി ശ്രീമതി ടീച്ചര്‍ക്ക് ഡാന്‍സ് കളിക്കാന്‍ പാടില്ലയെന്നുണ്ടോ?
എന്തിനേറെ നമ്മുടെ പി.ജെ ജോസഫ് പലപ്പോഴും പല വേദികളിലും അത്ര നല്ലതല്ലാത്ത പാട്ടുകള്‍ പാടുന്നയാളാണ്. എന്നാലും പാടുന്നു. ഒരാള്‍ക്ക് പാടാന്‍ തോന്നിയാല്‍ പാടുക. അത്രേയുള്ളു. അത് അയാളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍, പാട്ട് എത്ര മോശമാണെങ്കിലും പാടാനുള്ള അയാളുടെ സ്വതന്ത്ര്യത്തെ അംഗീകരിച്ചെ പറ്റൂ. ജനപ്രതിനിധിയായ ഒറ്റ കാരണംകൊണ്ട് പി ജെ ജോസഫിന്റെ പാട്ടിന് ഇന്നേവരെ അവഗണന നേരിട്ടിട്ടില്ല. എന്നാല്‍ എന്തുകൊണ്ടാണ് പി കെ ശ്രീമതി ടീച്ചര്‍ നൃത്തം ചെയ്യുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്?
ഇത്തരത്തില്‍ ചില അലിഖിത നിയമങ്ങള്‍ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമൂഹം നല്‍കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. പാര്‍ലമെന്റിലും വിദേശത്തും ആധുനിക വസ്ത്രങ്ങളണിഞ്ഞു പോകുന്ന നമ്മുടെ നേതാക്കള്‍ പോലും കേരളത്തില്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുക. വനിതാ നേതാക്കള്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങളെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ സാരിയാണ് സ്ഥിരമായി ഉപയോഗിക്കുന്നത് (വിദ്യാര്‍ത്ഥിനേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍വ്വമായെങ്കിലും ചുഡീദാറില് കണ്ടിട്ടുള്ള മുതിര്‍ന്ന വനിതാനേതാവ് ഒരുപക്ഷെ ടി എന്‍ സീമ എന്ന രാജ്യസഭാസാമാജിക മാത്രമാവും). ഇങ്ങനെയൊരു രൂപം നമ്മുടെ മനസ്സില്‍ രാഷ്ട്രീയനേതാക്കളെക്കുറിച്ചുള്ളതു പോലെ അവരുടെ ചെയ്തികളിലും നമ്മള്‍ കുറേ മുന്വിധികള്വെക്കുന്നു.
കാലാകാലങ്ങളായി നമ്മള്‍ വരച്ച ഈ അദൃശ്യരേഖക്കുള്ളിലിരുന്നാണ് ഇതേവരെ നമ്മുടെ നേതാക്കള്‍ പെരുമാറിയത്. ഈ പൊതുബോധത്തെ തെല്ലൊന്ന് ഇളക്കിക്കൊണ്ടാണ് സി.പി.എം നേതാവും കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചര്‍ വേദിയില്‍ ചുവടുവച്ചത്. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ മുന്നിലും സകല മാദ്ധ്യമങ്ങള്‍ക്കു മുന്നിലും നാടന്‍ പാട്ടിന്റെ ശീലുകള്‍ക്കൊപ്പിച്ച് ശ്രീമതി ടീച്ചര്‍ ചുവടുവെച്ചപ്പോള്‍ മലയാളികള്‍ അതേ വരെ കാത്തുസൂക്ഷിച്ച രാഷ്ടീയ നേതാക്കളുടെ പൊതുപെരുമാറ്റച്ചട്ടം ടീച്ചര്‍ ചുവടുവച്ചകറ്റുകയായിരുന്നു.
എത്രയോ വര്‍ഷം കുഞ്ഞുങ്ങളെ പഠിപ്പിച്ച് നല്ല മനുഷ്യരാകാന്‍ അവരെ ഉദ്‌ബോധിപ്പിച്ച ശേഷം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയും മന്ത്രിയുമൊക്കെയായ ആളാണ് ശ്രീമത ടീച്ചര്‍. അതുകൊണ്ട് അവര്‍ ഇ പി ജയരാജനു പഠിക്കണമെന്നോ കെ കെ ഷൈലജയ്‌ക്കു പഠിക്കണമെന്നോ ഒന്നും പറയാന്‍ യോഗ്യതയുള്ളവരാരും പാര്‍ട്ടിയിലോ പുറത്തോ ഇല്ലെന്നുറപ്പ്. ടീച്ചറൊന്നു നാടന്‍ പാട്ടിന്റെ ശീലിനൊത്ത് ചുവടുവെച്ചത് തെറ്റായിപ്പോയെങ്കില്‍ ഇക്കണ്ട കാലമത്രയും പാര്‍ട്ടിയുടെ കലാജാഥകളിലും അല്ലാത്ത ജാഥകളിലുമെല്ലാം ചുവടുവെച്ച പെണ്ണുങ്ങളെല്ലാം കുറ്റക്കാര്‍ തന്നെയല്ലേ? അവരോടും മുഖം മുഷിഞ്ഞു കാണിക്കണ്ടേ നേതൃ സഖാക്കള്‍?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല