സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികൾക്ക് ചുമത്തിയ ലെവിയുടെ വിപരീത ഫലങ്ങളെ കുറിച്ചും പഠനം നടത്തണമെന്ന് സൗദി ശൂറാ കൗൺസിൽ യോഗത്തിൽ അഭിപ്രായം. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതടക്കം വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടായതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കാൻ മിനിമം വേതന പരിധി ഉയർത്തണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ അതൊരു പോംവഴിയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്കിടെയാണ് കൗൺസിൽ അംഗം അസ്സാഫ് അബുതൊന്യാൻ വിദേശ തൊഴിലാളി ലെവിയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടത്. പൗരന്മാരുടെ സ്ഥിതി മെച്ചപ്പെടുത്താൻ സ്വകാര്യ തൊഴിൽ രംഗങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കിയതിനെ അഭിനന്ദിക്കുകയും ഉയർന്ന പദവികളിൽ സൗദിവത്കരണം കൂട്ടാനുള്ള നടപടിയെ പിന്തുണക്കുകയും ചെയ്ത കൗൺസിലംഗം ഡോ. സാമിഅ ബുഖാരി മിനിമം വേതന പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു.
സൗദിവത്കരണ പദ്ധതി നിതാഖാത് കോൺട്രാക്ടിങ്, ഒാപറേഷൻ, മെയിൻറനൻസ് മേഖലകളിലുണ്ടാക്കിയ അനുകൂലവും പ്രതികൂലവുമായ ഫലങ്ങളിലേക്ക് മറ്റൊരു അംഗം ഉസാമ അൽറബീഅ കൗൺസിലിെൻറ ശ്രദ്ധക്ഷണിച്ചു. സ്വകാര്യ മേഖലയിൽ ഉയർന്ന തസ്തികകളിലെ സ്വദേശിവത്കരണ തോത് ഉയർത്താനുള്ള മന്ത്രാലയ നടപടിയെ പിന്തുണച്ച ഡോ. ഫഹദ് ബിൻ ജുമ 10 വർഷത്തിനുള്ളിൽ നിർണായക മേഖലകളിൽ അത് 80 ശതമാനമായി ഉയർത്തണമെന്നും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല