1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2011

യുകെയില്‍ മില്യനോളം വരുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് തകരാറുകള്‍ ഉണ്ടെന്നാണ് നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂത്ര തടസമാണ് പ്രോസ്റ്റേറ്റ് രോഗിയാണ് തങ്ങള്‍ എന്നുള്ളതിന് പ്രധാന ലക്ഷണം. ഹെര്‍ണിയപോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഓപ്പറേഷന്‍ ചെയ്തവര്‍ക്കും കൂടുതല്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും പെട്ടെന്ന് മൂത്രതടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.
മധ്യവയസ്സിലെത്തുന്നതോടെ പകുതിയിലധികം പുരുഷന്മാരിലും കണ്ടുവരാറുള്ള ഒരു സാധാരണ പ്രശ്‌നമാണ് മൂത്രതടസ്സം. ഏറ്റവും വ്യാപകമായി കാണുന്ന മൂത്രാശയപ്രശ്‌നം പ്രോസ്‌റ്റേറ്റുമായി ബന്ധപ്പെട്ടവ തന്നെ. മൂത്രമൊഴിച്ചു തുടങ്ങാന്‍ താമസം, എത്ര ഒഴിച്ചാലും മുഴുവന്‍ പോയില്ല എന്ന തോന്നല്‍, മൂത്രമൊഴിച്ചു തീരാന്‍ കൂടുതല്‍ സമയമെടുക്കുക, മൂത്രം വ്യത്യസ്ത ധാരകളായി പുറത്തു വരിക, കൂടെക്കൂടെ മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയവയൊക്കെയാണ് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളുടെ മുഖ്യ ലക്ഷണം.

എന്താണീ പ്രോസ്‌റ്റേറ്റ്:
മൂത്രസഞ്ചിയോടു ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. മൂത്രസഞ്ചിക്കു താഴെ മലദ്വാരത്തിനു മുന്നിലായിട്ട്. മൂത്രനാളി കടന്നുപോകുന്നത് പ്രോസ്‌റ്റേറ്റിനുള്ളിലൂടെയാണ്. അതിനാല്‍ പ്രോസ്‌റ്റേറ്റിനെ ബാധിക്കുന്ന അസുഖങ്ങള്‍ മൂത്രവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. പ്രോസ്‌റ്റേറ്റിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍ പ്ലാസിയ(ബി.പി.എച്ച്.), പ്രോസ്റ്റേറ്റില്‍ അണുബാധയുണ്ടാകുന്ന പ്രോസ്റ്ററ്റൈറ്റിസ്, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയാണ്

ലക്ഷണങ്ങള്‍ :
1. മൂത്രമൊഴിക്കാന്‍ പ്രയാസം
2. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, പ്രത്യേകിച്ച് രാത്രിയില്‍
3. തുള്ളി തുള്ളിയായി മാത്രം മൂത്രം പോകുക
4. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
5. മൂത്ര സഞ്ചി മൂത്രമൊഴിച്ച ശേഷവും നിറഞ്ഞിട്ടാണെന്ന തോന്നലുണ്ടാകുക
6. ടോയിലറ്റില്‍ തന്നെ ഇരിക്കാന്‍ തോന്നുക

ബി.പി.എച്ച്:
ഏറ്റവും വ്യാപകമായി കാണുന്ന രോഗാവസ്ഥകളിലൊന്നാണ് ബി.പി.എച്ച് അഥവാ കാന്‍സറല്ലാത്ത പ്രോസ്‌റ്റേറ്റ് വീക്കം. മധ്യവയസ്സാകുന്നതോടെ മിക്ക പുരുഷന്മാരിലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പ്രോസ്‌റ്റേറ്റ് വീങ്ങി വലുതാവുകയാണ് ചെയ്യുന്നത്. പ്രായം കൂടുമ്പോള്‍ സ്വാഭാവികമായെന്നോണം പ്രോസ്‌റ്റേറ്റിലെ കോശങ്ങള്‍ പെരുകി ഗ്രന്ഥിക്ക് വലിപ്പം കൂടുകയും വീര്‍ത്തു ഞെരുങ്ങുകയും ചെയ്യുന്നതാണ് മിക്കപ്പോഴും ഇതിനു കാരണം. പ്രോസ്‌റ്റേറ്റിനുള്ളില്‍ കോശങ്ങള്‍ ഞെരുങ്ങുന്നതിനാല്‍ അതിനുള്ളിലൂടെ കടന്നു പോകുന്ന മൂത്രനാളിയും ഞെരുങ്ങും. അപ്പോള്‍ മൂത്രതടസ്സമുണ്ടാകും.

പ്രോസ്റ്ററ്റൈറ്റിസ്:
അണുബാധയോ മറ്റെന്തെങ്കിലും കാരണങ്ങളോ മൂലം പ്രോസ്റ്റേറ്റിന് വീക്കമുണ്ടാകുന്ന രോഗാവസ്ഥയാണിത്. പ്രോസ്റ്ററ്റൈറ്റിസിനെത്തന്നെ നാലായി തിരിക്കാം. പ്രോസ്‌റ്റേറ്റ് വീങ്ങി വലുതായി മൂത്രനാളിയെ ഞെരുക്കുന്നതിനാല്‍ മൂത്രം പോകാന്‍ വിഷമം നേരിടും.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍:
പ്രോസ്‌റ്റേറ്റിനു പുറത്തേക്കു വ്യാപിച്ചിട്ടില്ലെങ്കില്‍ ഇതു ചികില്‍സിച്ചു ഭേദമാക്കാന്‍ അത്ര വിഷമമുണ്ടാകാറില്ല. ആണ്‍ ഹോര്‍മോണിന്റെ സ്വാധീനത്തിലാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വലുതാകുന്നത്. പുരുഷ ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിച്ച്് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഫലപ്രദമായി ചികില്‍സിക്കാനാവും.

ഗുരുതര പ്രശ്‌നം:
പെട്ടെന്ന് മൂത്രം പോകാതെ വരുമ്പോഴാണ് പലരും പ്രോസ്‌റ്റേറ്റ് പ്രശ്‌നത്തെക്കുറിച്ചറിയുന്നത്. ഇങ്ങനെയുണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്ക് അക്യൂട്ട് യൂറിനറി റീടെന്‍ഷന്‍ എന്നു പറയുന്നു. ചെറിയ മൂത്രതടസ്സങ്ങളെ അവഗണിച്ച്് ദീര്‍ഘകാലം കഴിയുന്നവരില്‍ ക്രമേണ രോഗം കൂടി വരാം. മൂത്രനാളിയില്‍ പെട്ടെന്നുണ്ടാകുന്ന തടസ്സം കൊണ്ടും പൊടുന്നനെ മൂത്രതടസ്സം അനുഭവപ്പെടാം. ചെറിയ പ്രശ്്‌നങ്ങളുള്ളവര്‍ക്ക് യാത്രാവേളകളിലും മറ്റും ഏറെനേരം മൂത്രം പിടിച്ചുനിര്‍ത്തേണ്ടി വന്നാല്‍ പൊടുന്നനെ മൂത്ര തടസ്സമുണ്ടാകാം. ചെറിയ പ്രശ്‌നങ്ങളുള്ളവര്‍ ബിയറോ മറ്റു മദ്യങ്ങളോ കഴിച്ചാല്‍ ചിലപ്പോള്‍ പെട്ടെന്ന് മൂത്രം തടസ്സപ്പെട്ടേക്കാം. അലര്‍ജി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍, കഫ് സിറപ്പുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്കും ചിലപ്പോള്‍ പെട്ടെന്ന് മൂത്ര തടസ്സമുണ്ടായേക്കാം. മലബന്ധമുള്ളവരില്‍ മൂത്ര തടസ്സം ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ്. ഹെര്‍ണിയപോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഓപ്പറേഷന്‍ ചെയ്തവരില്‍ ചിലപ്പോള്‍ പെട്ടെന്ന് മൂത്ര തടസ്സം അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടുതല്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് മൂത്രതടസ്സമുണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്.

രോഗനിര്‍ണയം:
മൂത്രാശയ പ്രശ്‌നങ്ങളുമായി എത്തുന്ന മുതിര്‍ന്ന ആണുങ്ങളില്‍ വലിയൊരു വിഭാഗത്തിനും രോഗം പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ തന്നെയാവും. രോഗചരിത്രത്തില്‍ നിന്നു പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലും പ്രാഥമിക രോഗ നിര്‍ണയം നടത്താം. മലദ്വാരത്തിലൂടെ വിരല്‍ കടത്തിയുള്ള പരിശോധന സാധാരണയായി ചെയ്യാറുള്ളതാണ്. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ്്, ആവശ്യമെങ്കില്‍ ബയോപ്‌സി തുടങ്ങിയവയാണ് മറ്റു പരിശോധനകള്‍.

ചികില്‍സ:
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ വിദഗ്ധ ചികില്‍സകരെ കണ്ട് പരിശോധന നടത്തണം. ആവശ്യമെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടത്താറുള്ളൂ. നല്ലൊരു പങ്ക് പ്രോസ്്‌റ്റേറ്റ് രോഗങ്ങളും ഔഷധചികില്‍സ കൊണ്ടു ഭേദമാക്കാന്‍ കഴിയും.

ഓപ്പറേഷന്‍:
പ്രോസ്‌റ്റേറ്റിനെ ബാധിക്കുന്ന പല പ്രശ്‌നങ്ങളിലും ഓപ്പറേഷന്‍ ആവശ്യമായി വരാറുണ്ട്. പെട്ടെന്നു മൂത്രം പോകാതെ വരിക, മരുന്നുകള്‍ കൊണ്ട് രോഗം ഭേദമാകാതെ വരിക, കൂടെക്കൂടെ മൂത്രാശയാണുബാധ അനുഭവപ്പെടുക, വൃക്കകള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം ഉണ്ടാവുക, മൂത്രത്തോടൊപ്പം രക്തം പോവുക തുടങ്ങി അത്യാവശ്യ സാഹചര്യങ്ങളിലാണ് സര്‍ജറി വേണ്ടത്.

പ്രോസ്‌റ്റേറ്റില്‍ നിന്ന് അസുഖമുള്ള ഭാഗം മാത്രം മുറിച്ചുകളയുന്ന രീതിയും അസുഖം വന്ന പ്രോസ്‌റ്റേറ്റ് മുഴുവനായി എടുത്തുകളയുന്ന രീതിയുമുണ്ട്. ഏറ്റവും നല്ല പ്രോസ്‌റ്റേറ്റ് സര്‍ജറികളിലൊന്നാണ് ടി.യു.ആര്‍.പി. ഇന്ന്് 95 ശതമാനത്തിലധികം പേരിലും ഈ രീതിയാണ് പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയക്കു സ്വീകരിക്കുന്നത്. ഒന്നര-രണ്ടു മണിക്കൂര്‍ കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാകും. ഒരു മാസത്തെ വിശ്രമം കൊണ്ട് പൂര്‍ണ സുഖമാവാറുണ്ട്. കീഹോള്‍ രീതിയില്‍ ഈ സര്‍ജറി ചെയ്യുമ്പോല്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ വളരെ കുറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.