1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2015

 

സ്വന്തം ലേഖകന്‍: സിഖ് പുണ്യഗ്രന്ഥങ്ങളെ അപമാനിച്ചു, പഞ്ചാബില്‍ സംഘര്‍ഷം പടരുന്നു. ഫരീദ്‌കോട്ടിലെ ബാര്‍ഗരിയില്‍ സിഖ് പുണ്യഗ്രന്ഥം അപമാനിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. രൂപീന്ദര്‍ സിങ്, ജസ്വീന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദ്‌കോട്ടില്‍ പുണ്യഗ്രന്ഥത്തെ അപമാനിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് സിഖ് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിന്റെ വീട് ഉപരോധിച്ച എം.എല്‍.എ.മാരുള്‍പ്പെടെ 21 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലുധിയാനയില്‍നിന്നുള്ള നിയമസഭാംഗങ്ങളും സഹോദരന്‍മാരുമായ സിമ്രജിത് ബെയിന്‍സ്, ബല്‍വീന്ദര്‍ സിങ് എന്നിവരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു.

ഒട്ടേറെ സ്ഥലങ്ങളില്‍ സിഖ് പ്രക്ഷോഭകാരികള്‍ റോഡുപരോധിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നാല് ജില്ലകളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അമൃത്സര്‍, ജലന്ധര്‍, ലുധിയാന, താണ്‍ തരണ്‍ എന്നിവിടങ്ങളിലാണ് സുരക്ഷാസേനയെ വിന്യസിച്ചത്.

പഞ്ചാബിലെ സംഭവങ്ങള്‍ക്കുപിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സ്രിമത് കൗര്‍ ബാദല്‍ ആരോപിച്ചു. പിടികൂടിയ പ്രതികളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രകാശ്‌സിങ് ബാദല്‍ രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുകയുണ്ടായി. ഇതിനിടെയാണ് വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.