സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമം തുടര്‍ക്കഥയാകുന്നു, സിഖ് വംശജന് വെടിവെപ്പില്‍ പരുക്ക്, വെടിയേറ്റയാള്‍ അപകടനില തരണം ചെയ്തതായി സുഷമ സ്വരാജിന്റെ ട്വീറ്റ്. വാഷിങ്ടണിന് സമീപം സിയാറ്റിലില്‍ സിഖ് വംശജനായ ദീപ് റായ് ആണ് ശനിയാഴ്ച ആക്രമിക്കപ്പെട്ടത്. കന്‍സാസിലും സൌത്ത് കാരലിനയിലും ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുള്ള സംഭവം യുഎസിലെ ഇന്ത്യക്കാരില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
വീടിനു സമീപത്താണ് ദീപ് ആക്രമിക്കപ്പെട്ടത്. കാര്‍ നന്നാക്കുകയായിരുന്ന ദീപിനടുത്തെത്തിയ അക്രമി ‘ഞങ്ങളുടെ രാജ്യത്തുനിന്ന് പോകൂ’ എന്ന് ആക്രോശിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപിന്റെ കൈക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു. അക്രമി മുഖം മറച്ചാണ് എത്തിയത്. കന്‍സാസില്‍ ആന്ധ്ര സ്വദേശിയായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ച്‌ഭോട്‌ല, സൌത്ത് കരേലിനയില്‍ ഇന്ത്യന്‍ വംശജനായ ഹര്‍നീഷ് പട്ടേല്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്.
ദീപ് അപകടനില തരണം ചെയ്തതായി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ദീപ് റായിയുടെ പിതാവ് സര്‍ദാര്‍ ഹര്‍പാല്‍ സിംഗുമായി സംസാരിച്ചു. കൈയ്യില്‍ വെടിയേറ്റ ദീപ് റായ് അപകടനില തരണം ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ദീപ് റായിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ലങ്കാസ്റ്ററില്‍ ഇന്ത്യന്‍ വ്യവസായി ഹര്‍ണീസ് പട്ടേല്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സുഷമ ട്വീറ്റ് ചെയ്തു. ഹര്‍ണീഷ് പട്ടേലിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പതിനൊന്നരയോടെയാണ് പട്ടേല്‍ വെടിയേറ്റ് മരിച്ചത്. കന്‍സാസില്‍ ഇന്ത്യക്കാരന്‍ മരിച്ച് ഒരാഴ്ച തികയും മുമ്പാണ് അടുത്ത വംശീയ അതിക്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല