സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലാകുന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ വെച്ച് ഞായറാഴ്ചയാണ് സിഖ് യുവാവ് ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. യുവാവിനെ ആജാനുബാഹുവായ ഒരു വെള്ളക്കാരന്‍ പൊതിരെ ഇടിക്കുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ആക്രമണം തടുക്കുന്നതിനായി സിഖ് യുവാവ് കൈകള്‍ കൊണ്ട് മുഖം മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ വെള്ളക്കാരനൊപ്പം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയാണ് ചെയ്യുന്നത്. നിരവധി പേര്‍ സംഭവം വീക്ഷിച്ചുകൊണ്ട് നിഷ്‌ക്രിയരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിങ്ഹാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് കാരണം മതപരമോ വംശീയമോ ആണോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍,? ഇതുവരെയും പരാതിയുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കപ്പെട്ട യുവാവ് ആരാണ് എന്നതിനെ കുറിച്ചും വിശദ വിവരങ്ങള്‍ ലഭ്യമല്ല. ആക്രമണത്തിന് ഇരയായ യുവാവോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല