സ്വന്തം ലേഖകൻ: വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിനടുത്തുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് തീസ്താ നദീതടത്തിലുണ്ടായ മിന്നല്‍പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. 14 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 പേരെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മേഘവിസ്‌ഫോടനമുണ്ടാകുന്നത്. പിന്നാലെ സിക്കിമിലെ ഏറ്റവും വലിയ അണക്കെട്ടായ ചുങ്താങ് അണക്കെട്ട് തകര്‍ന്നതും സ്ഥിതി ഗുരുതരമാക്കി. മംഗന്‍, ഗാങ്‌ടോക്, പാക്യോങ് ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. മംഗനിലെ ചുങ്താങ്, ഗാങ്‌ടോകിലെ ദിക്ചു, സിങ്ടാം, പാക്യോങിലെ റാംങ്‌പോ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെ കാണാതായത്. പാക്യോങിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ 166 പേരെ രക്ഷപ്പെടുത്താനായി. രാവിലെയോടെ കാണാതായവരില്‍ ഒരു സൈനികനെയും കണ്ടെത്തിയിരുന്നു. ഭാഗികമായി തകര്‍ന്ന ചുങ്താങ് അണക്കെട്ടിലെ ജീവനക്കാര്‍ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനായിട്ടില്ല. ദുരന്തനിവാരണസേനകളുടേയും പോലീസിന്റെയും അഗ്നിശമനസേനകളുടേയും വ്യോമസേനയുടേയും നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രളയബാധിത മേഖലകളിലെ തകർന്ന പാലങ്ങളുടെ സ്ഥാനത്ത് താത്കാലിക പാലങ്ങൾ നിർമിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമങ്ങൾ സുരക്ഷാസേന നടത്തി വരികയാണ്. സിക്കിമിനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10-ന്റെ വിവിധ ഭാഗങ്ങളും പ്രളയത്തില്‍ ഒലിച്ചു പോയി. ഇതോടെ സിക്കിം ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലാണ്. തീസ്ത നദി കടന്നു പോകുന്ന വടക്കന്‍ ബംഗാളിലും ബംഗ്ലാദേശിലും പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല