സ്വന്തം ലേഖകൻ: ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി നല്‍കി ഷോപ്പിങ് നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ട് ചെയ്ത് പ്രശസ്ത ഗായകന്‍ മീക സിങ്. ഡോളറിന് സമാനമായി ഇന്ത്യന്‍ രൂപയും വിനിമയം ചെയ്യാന്‍ സാഹചര്യമുണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സല്യൂട്ട് എന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തത വീഡിയോ ഇതിനോടകം വൈറലാണ്.
“ഗുഡ്‌മോണിങ്. ദോഹ വിമാനത്താവളത്തിലെ ലൂയി വൈട്ടണ്‍ സ്‌റ്റോറില്‍ ഷോപ്പിങ്ങിനായി എനിക്ക് ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ സാധിച്ചു. ഇവിടെ ഏതൊരു റെസ്‌റ്റോറന്റിലും നിങ്ങള്‍ക്ക് രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളര്‍ പോലെ നമ്മുടെ പണവും ഉപയോഗിക്കാവുന്ന അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്”, മീക സിങ് ട്വീറ്റ് ചെയ്തു.
നിരവധി പേര്‍ മീകയുടെ ട്വീറ്റിനോട് പ്രതികരിച്ചു. ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തമാകുന്നുവെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് റിപ്ലൈ ചെയ്തു. നവീന ഇന്ത്യയുടെ കരുത്ത് എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഖത്തര്‍ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ രൂപ പണമിടപാടുകള്‍ക്ക് സ്വീകരിക്കാറുണ്ട്. 2019 ജൂലായ് ഒന്ന് മുതല്‍ തന്നെ ദുബായ് ഇന്റര്‍നാഷണലിന്റെ 1,2,3 ടെര്‍മിനലുകളിലും അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യന്‍ കറന്‍സി സ്വീകരിച്ചുവരുന്നതായി ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പക്ഷെ ബാക്കിയായി രൂപയ്ക്ക് പകരം ദിര്‍ഹമാണ് ലഭിക്കുന്നതെന്നുമാത്രം. 2022 ല്‍ ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മാലദ്വീപ്, സിംബാബ് വേ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നുണ്ട്. പക്ഷെ ഈ രാജ്യങ്ങള്‍ ഇതുസംബന്ധിച്ച് പ്രത്യേക നിബന്ധനകള്‍ പുലര്‍ത്തുന്നുണ്ട്.
ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ തായ്‌ലന്‍ഡും സിങ്കപ്പുരും ഫെബ്രുവരിയില്‍ അംഗീകരിച്ചിട്ടുണ്ട്. ജി-20 രാജ്യങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താനുള്ള അനുമതിയും ആര്‍ബിഐ നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ 30 മുതല്‍ പത്ത് രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് യുപിഐ വഴി പണമിടപാട് സാധ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല