ഏകാണു ട്രാന്‍സിസ്റര്‍ യാഥാര്‍ഥ്യമായി. കംപ്യൂട്ടറുകള്‍ ഇനി ഭാവനാതീതമായ വേഗത്തില്‍ പ്രവര്‍ത്തിക്കും. 2020-ഓടെ ഏകാണു (സിംഗിള്‍ ആറ്റം) ട്രാന്‍സിസ്ററുകള്‍ ഉണ്ടാകും എന്നാണു നേരത്തേ കരുതിയിരുന്നത്. അത് എട്ടു വര്‍ഷം മുമ്പേ സാധിച്ചു.. ഒറ്റ ഫോസ്ഫറസ് അണു ഉപയോഗിച്ചു നിര്‍മിച്ച കുഞ്ഞന്‍ ട്രാന്‍സിസ്റ്ററിനെക്കുറിച്ചുള്ള വിവരങ്ങള്‍ ‘നാച്ചുര്‍ നാനോ ടെക്നോളജി ജേണലിലാണു പ്രസിദ്ധീകരിച്ചത്. 0.1 നാനോ മീറ്റര്‍ ആണ് ഒരു ഫോസ്ഫറസ് അണുവിന്റെ വലുപ്പം. (ഒരു നാനോ എന്നാല്‍ മീറ്ററിന്റെ 1000000000ല്‍ ഒരുഭാഗം). ഇത്രയും സൂക്ഷ്മമായ തലത്തിലാണു പുതിയ ട്രാന്‍സിസ്റ്റര്‍.
ന്യൂ സൌത്ത് വെയില്‍സ്, മെല്‍ബണ്‍ സര്‍വകലാശാലകളിലെ രാജ്യാന്തര ഗവേഷണ വിഭാഗമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ദ്രവ്യത്തെ അവയുടെ പരമാണു തലത്തില്‍ കൈകാര്യം ചെയ്യാനായതോടെ പുതിയ സവിശേഷ പദാര്‍ഥങ്ങളും ഉപകരണങ്ങളുമാവും രൂപപ്പെടുകയെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ മിഷേല്‍ സിമ്മോണ്‍സ് പറഞ്ഞു. അന്‍പതുവര്‍ഷം മുന്‍പു ശാസ്ത്രജ്ഞര്‍ ആദ്യ ട്രാന്‍സിസ്റ്റര്‍ നിര്‍മിച്ചപ്പോള്‍ ഇന്നു നാം കാണുന്ന സാങ്കേതിക മുന്നേറ്റങ്ങള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാധ്യതയാണു കുഞ്ഞന്‍ ട്രാന്‍സിസ്റ്ററും മുന്നോട്ടുവയ്ക്കുന്നത് – അദ്ദേഹം പറയുന്നു.
ഇലക്ട്രോണിക്സ് വിപ്ലവത്തിനു തുടക്കംകുറിച്ച ട്രാന്‍സിസ്റ്ററുകളുടെ പുതിയ രൂപം ഭാവിയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോള്‍ നാം കംപ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന പ്രോസസറുകള്‍ അതിസൂക്ഷ്മമായ രൂപമെടുക്കും. പരമാണു തലത്തിലുള്ള പ്രോസസറുകള്‍ എന്നതാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. എന്നാല്‍ അതിശീതീകരണ അവസ്ഥയില്‍ (-196 ഡിഗ്രി സെല്‍ഷ്യസ്) മാത്രമേ ഇത്തരം ട്രാന്‍സിസ്റ്ററുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നതാണ് ഇപ്പോഴുള്ള പോരായ്മ. ഇതുകൂടി മറികടക്കാന്‍ സാധിച്ചാല്‍ ഇനി വരിക അദ്ഭുത സൂക്ഷ്മതല ഇലക്ട്രോണിക്സിന്റെ ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല