ലണ്ടന്‍ : ബാര്‍ക്ലേസ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി സര്‍ ഡേവിഡ് വാള്‍ക്കറെ നിയമിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്റര്‍നാഷണലിന്റെ മുന്‍ ചെയര്‍മാനും വാല്‍ക്കര്‍ റിവ്യൂ ഓഫ് ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡേവിഡ് വാള്‍ക്കര്‍ നംവംബറോടെ ബാങ്കിന്റെ സാരഥ്യം ഏറ്റെടുക്കും. നിലവിലുളള ചെയര്‍മാന്‍ മാര്‍ക്കസ് അഗ്വിസ് രാജിവച്ച ഒഴിവിലേക്കാണ് വാള്‍ക്കറെ നിയമിച്ചിരിക്കുന്നത്. ലിബോര്‍ റേറ്റ് വിവാദത്തെ തുടര്‍ന്ന് മാര്‍ക്കസ് അടക്കമുളള മൂന്ന് ഡയറക്ടേഴ്‌സ് ബാര്‍ക്ലേസില്‍ നിന്ന് രാജിവെച്ചിരുന്നു.
ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയതായി യുഎസ് റെഗുലേറ്റേഴ്‌സ് കണ്ടെത്തിയ സാഹചര്യത്തിലാണ് ബാര്‍ക്ലേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബോബ് ഡയമണ്ടിനും ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ജെറി ഡെല്‍ മിസറിനും ഒപ്പം മാര്‍ക്കസ് കൂടി രാജിവച്ചത്. ലിബോര്‍ വിവാദത്തെ തുടര്‍ന്ന് ബാര്‍ക്ലേസിന് അമേരിക്കന്‍ റെഗുലേറ്റേഴ്‌സ് 290 മില്യണ്‍ പിഴ ചുമത്തിയിരുന്നു.
ഗവണ്‍മെന്റിനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വേണ്ടി 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനുഭവ പരിചയം വച്ചാണ് എഴുപത്തിരണ്ടുകാരനായ സര്‍ ഡേവിഡ് ബാര്‍ക്ലേസിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1995 മുതല്‍ 2001 വരേയും 2004 മുതല്‍ 2005 വരേയും രണ്ട് തവണ അദ്ദേഹം മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 1974 മുതല്‍ 77 വരെയുളള കാലഘട്ടത്തില്‍ ട്രഷറിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായും 1989 മുതല്‍ 95 വരെയുളള കാലഘട്ടത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് പഠിക്കാനായി ഗവണ്‍മെന്റ് നിയോഗിച്ച സംഘത്തിന്റെ തലവനും സര്‍ ഡേവിഡ് വാള്‍ക്കറായിരുന്നു.
നവംബര്‍ ഒന്നിന് വാള്‍ക്കര്‍ സ്ഥാനമേല്‍ക്കുന്നത് വരെ മാര്‍ക്കസ് അഗ്വിസ് തല്‍സ്ഥാനത്ത് തുടരും. ആഴ്ചയില്‍ നാല് ദിവസമാണ് ബാര്‍ക്ലേസ് ബാങ്കില്‍ വാള്‍ക്കറിന്റെ സേവനം ലഭ്യമാകുക. ഇതിന് വര്‍ഷം 750,000 പൗണ്ടാണ് ശമ്പളമായി നല്‍കുക. അതില്‍ തന്നെ 100,000 ബാര്‍ക്ലേസ് ബാങ്കിന്റെ ഓഹരികളാകും. ഒരു പുതിയ ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ജോലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല