ജനാധിപത്യ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സിറിയയില്‍ 26ന് ജനഹിത പരിശോധന നടത്തുമെന്ന് പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് പ്രഖ്യാപിച്ചു. ഇതിനിടെ ഡമാസ്കസ്, ഹോംസ്, ഹമാ നഗരങ്ങളില്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്നു സിറിയന്‍ പ്രതിപക്ഷം അറിയിച്ചു. സിറിയയില്‍ അരനൂറ്റാണ്ടായി നിലവിലുള്ള ഏകകക്ഷി ഭരണം അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ടു കൊണ്ടുവന്ന കരടു ഭരണഘടന സംബന്ധിച്ചാണ് ഹിതപരിശോധന. 1963 മുതല്‍ ബാത്ത് പാര്‍ട്ടിയാണ് സിറിയയില്‍ ഭരണം നടത്തുന്നത്.
2000ത്തില്‍ പിതാവ് ഹാഫീസിനെ പിന്തുടര്ന്ന് അസാദ് അധികാരത്തിലെത്തിയെങ്കിലും ബാത്ത് പാര്‍ട്ടിയുടെ ഏകാധിപത്യം തുടര്‍ന്നു. 1963ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കഴിഞ്ഞ ഏപ്രിലിലാണു പിന്‍വലിച്ചത്. ബഹുകക്ഷി ജനാധിപത്യ ഭരണസമ്പ്രദായം നടപ്പാക്കുമെന്ന് കരടു ഭരണഘടനയില്‍ പറയുന്നു. പ്രസിഡന്റ് മുസ്ലിമായിരിക്കണമെന്നും 40 വയസ് കഴിഞ്ഞയാളായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മതാധിഷ്ഠിത പാര്‍ട്ടികള്‍ പാടില്ല.
ഭരണഘടന അംഗീകരിക്കപ്പെട്ടാല്‍ സിറിയയില്‍ പുതുയുഗം ആരംഭിക്കുമെന്ന് പ്രസിഡന്റ് അസാദ് പറഞ്ഞു. ഹിതപരിശോധനാ നീക്കത്തെ റഷ്യ സ്വാഗതം ചെയ്തു. സിറിയയിലെ പ്രതിപക്ഷം പ്രതികരിച്ചിട്ടില്ല. ഇതേസമയം വ്യാഴാഴ്ച സിറിയന്‍ പ്രതിസന്ധിയെക്കുറിച്ച് യുഎന്‍ ജനറല്‍ അസംബ്ളി ചര്‍ച്ച ചെയ്യും. സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് രൂക്ഷമായ വിമര്‍ശനത്തിന് പാശ്ചാ ത്യരാജ്യങ്ങള് ഈ അവസരം വിനിയോഗിക്കുമെന്നാണു റിപ്പോര്‍ട്ട്. സിറിയന്‍ പ്രതിപക്ഷവും സര്‍ക്കാരുമായി എല്ലാ പ്രശ്നവും ചര്‍ച്ച ചെയ്യണമെന്ന് ചൈന നിര്‍ദേശിച്ചു. സിറിയയ്ക്കെതിരേ രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ ചൈനയും റഷ്യയും വീറ്റോ പ്രയോഗിക്കുകയുണ്ടായി.
യന്ത്രത്തോക്കുകളുമായി എത്തിയ സിറിയന്സേനയിലെ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകള്‍ ഡമാസ്കസിലെ ബരേസ് മേഖലയില്‍ വീടുവീടാന്തരം പരിശോധന നടത്തുകയും നിരവധി പേരെ അറസ്റുചെയ്യുകയും ചെയ്തെന്ന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹമാ, ഹോംസ് നഗരങ്ങളിലും സൈന്യം ആക്രമണം നടത്തി. പതിനൊന്നു മാസം പിന്നിട്ട പ്രക്ഷോഭത്തില്‍ ഇതിനകം ആറായിരത്തിലധികം പേര്‍ക്കു ജീവഹാനി നേരിട്ടുവെന്നാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല