ആണവമേഖലയില്‍ ഇറാന്‍ കൈവരിച്ചിട്ടുള്ള സുപ്രധാന നേട്ടങ്ങളില്‍ ചിലത് ഇന്ന് പ്രസിഡന്റ് അഹമ്മദി നെജാദ് വെളിപ്പെടുത്തും. പ്രസിഡന്റിന്റെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇറാനിലെ യുവ ശാസ്ത്രജ്ഞരുടെ കഴിവും ലോകത്തിനു നല്‍കുന്ന ശക്തമായ സന്ദേശവുമായിരിക്കും വെളിപ്പെടുത്തലിലൂടെയുണ്ടാവുക.
കഴിഞ്ഞദിവസം, ഇസ്ലാമിക വിപ്ളവത്തിന്റെ 33-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ടെഹ്റാനിലെ ആസാദി ചത്വരത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത നെജാദ് രാജ്യത്തിന്റെ ആണവ നേട്ടങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിനെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്കു നീങ്ങുമ്പോഴാണു നെജാദിന്റെ പ്രഖ്യാപനം.
എന്നാല്‍ ഊര്‍ജ്ജ ആവശ്യത്തിനാണു യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കു പ്രതിരോധംതീര്‍ക്കാന്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിക്കു യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ യുഎസ് ഇറാനെതിരേ സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന വെളിപ്പെടുത്തലിനു ലോകം സാക്ഷിയാവുക.
അതിനിടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ ഇന്ധന ദണ്ഡ് ഇന്ന് മുതല്‍ ടെഹ്റാനിലെ പരീക്ഷണ റിയാക്ടറില്‍ ഉപയോഗിച്ചു തുടങ്ങുമെന്ന് ഇറാന്‍. തങ്ങളെ സഹായിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ വിമുഖത കാണിച്ച സാഹചര്യത്തിലാണ് ആണവ ഇന്ധന ദണ്ഡുകള്‍ വികസിപ്പിക്കുന്നതിനു യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചതെന്ന് ഇറാന്റെ ദേശീയ സുരക്ഷാ സമിതി ഉപമേധാവി അലി ബഖേരി അറിയിച്ചു.
പ്രസിഡന്റ് അഹമ്മദി നെജാദിന്റെ സാന്നിധ്യത്തില്‍ ടെഹ്റാനിലെ പരീക്ഷണ റിയാക്ടറില്‍ ഇന്നു മുതല്‍ ആണവ ഇന്ധന ദണ്ഡ് ഉപയോഗിച്ചു തുടങ്ങമെന്ന് ബഖേരി വ്യക്തമാക്കി. ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആദ്യ ആണവ ഇന്ധന ദണ്ഡാണ് പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഇറാന്റെ ആണവ പരീക്ഷണ ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണിതെന്നും ബഖേരി പറഞ്ഞു. ഇറാന്റെ ആണവ നേട്ടങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കഴിഞ്ഞയാഴ്ച നെജാദ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നില്ലെന്നു ചൈന. രാജ്യത്തെ അക്രമം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ നടപടി സ്വീകരിക്കേണ്ടതെന്നു പ്രധാനമന്ത്രി ബെന്‍ജിയാബാവോ ആവശ്യപ്പെട്ടു. സിറിയയില്‍ ജനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നു ചൈന സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആരോപിച്ചു. സിറിയയ്ക്കെതിരേ യുഎന്നില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇരുരാജ്യങ്ങളുടെയും നടപടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല