1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2012

സിറിയന്‍ പ്രസിഡന്റ് അസാദിനോടു കൂറു പുലര്‍ത്തുന്ന സൈനികരും കൂലിപ്പടയാളികളും ചേര്‍ന്ന് മൂന്നു ഗ്രാമങ്ങളിലെ 27 ചെറുപ്പക്കാരെ പിടികൂടി വെടിവച്ചുകൊന്നതായി പ്രതിപക്ഷം ആരോപിച്ചു. ചൊവ്വാഴ്ച സിറിയുടെ വിവിധ ഭാഗങ്ങളിലായി 60 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതിനിടെ ഹോംസില്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പാശ്ചാത്യ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ സണ്‍ഡേ ടൈംസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മാരി കോള്‍വിന്‍, ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ റെമി ഓച്ലിക് എന്നിവരാണു മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടിനു നേര്‍ക്ക് റോക്കറ്റ് ആക്രമണമുണ്ടായി.

സിറിയയിലെ എല്ലാ വിദേശപത്രപ്രവര്‍ത്തകരും സര്‍ക്കാരില്‍ രജിസ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതിനിടെ ഹോംസ് കീഴടക്കാനുള്ള ശ്രമത്തില്‍ ഇന്നലെയും സൈന്യം ശക്തമായ ആക്രമണം നടത്തി. സോവ്യറ്റ് നിര്‍മിത ടാങ്കുകളുമായാണു സൈന്യം നഗരം വളഞ്ഞിരിക്കുന്നത്.

സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പിന് ആയുധം നല്‍കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ടുണീസില്‍ 70 രാജ്യങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ സമ്മേളിച്ച് സിറിയന്‍ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച നടത്തും.

സിറിയയിലെ പ്രശ്നബാധിത മേഖലകളില്‍ സഹായം എത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്നു റഷ്യ നിര്‍ദേശിച്ചു. സിറിയയ്ക്ക് ആയുധം നല്‍കുന്ന രാജ്യമാണു റഷ്യ. ഹോംസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജീവകാരുണ്യ സഹായം എത്തിക്കുന്നതിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നു റെഡ്ക്രോസ് ആവശ്യപ്പെട്ടു. സൈനിക ഇടപെടല്‍ കൂടാതെ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നു സിറിയയിലെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.