ഹെയര്‍ ഡൈ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ത്വക് രോഗം പിടിപെട്ടതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ മേരി ആന്‍സി ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. തൊലിപ്പുറത്ത് അലര്ജിയുണ്ടായതിനെത്തുടര്ന്ന് സിസ്റ്റര്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് പതിനേഴിനാണ് നാല്‍പ്പത്തിയെട്ടുകാരിയായ കന്യാസ്ത്രീയുടെ മൃതദേഹം പൂങ്കുളത്തുള്ള കോണ്‍വെന്റിലെ ജലസംഭരണയില്‍ കണ്ടെത്തിയത്.
ആദ്യം കൊലപാതകമാണെന്ന രീതിയില്‍ സംശയമുണ്ടായെങ്കിലും പൊലീസ് അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ഹെയര്‍ ഡൈ ഉപയോഗിക്കുകയും പിന്നാലെ ത്വക് രോഗം പിടിപെടുകയും ചെയ്തതായി കണ്ടെത്തിയത്.
ഇതിനിടെ തിങ്കളാഴ്ച സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി കോണ്വെന്റിലെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തില്‍ മാത്രം മരണം ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നത് ശരിയല്ലെന്ന് ശ്രീദേവി പറഞ്ഞു.
അന്വേഷണത്തില്‍ പൊലീസിന് വീഴ്ചപറ്റിയതായി തെളിഞ്ഞാല്‍ കമ്മീഷന് ഇതില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. നേരത്തേ സാമൂഹിക പ്രവര്ത്തകന് ജോമോന് പുത്തന്പുരത്തന് പുരയ്ക്കലിന്റെ പരാതിപ്രകാരം സംഭവത്തില്‍ അന്വേഷണം നത്താന്‍ വനിതാ കമ്മീഷന് തീരുമാനിച്ചിരുന്നു. കമ്മീഷനുവേണ്ടി ജസ്റ്റിസ് ശ്രീദേവി എന്‍ രാമചന്ദ്രന് എന്നിവര്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫൊറന്‍സിക് റിപ്പോര്‍ട്ടിലും മരണം ആത്മഹത്യയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 40പേരെ ചോദ്യം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല