തിരുവനന്തപുരം പൂങ്കുളം ഫാത്തിമമാതാ കോണ്‍വെന്റിലെ കന്യാസ്‌ത്രീയായിരുന്ന സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണത്തിന് മറ്റൊരു അഭയക്കേസിന്റെ സ്വഭാവമുണ്ടെന്ന് സൂചന. കോണ്‍വെന്‍റ് വളപ്പിലെ ജലസംഭരണിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫാത്തിമമാതാ പള്ളിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയായുള്ള പാലപ്പൂര് ഹോളി ക്രോസ് എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയാണ് സിസ്റ്റര്‍ മേരി ആന്‍സി. കോട്ടയം കല്ലറ മാന്‍വട്ടം പുല്‍പ്രയില്‍ ഫിലിപ്പിന്റെയും പരേതയായ ത്രേസ്യയുടെയും മൂത്ത മകളാണ് ഇവര്‍.
എന്നാല്‍ സംഭവം നടന്ന് ഇത്രദിവസം കഴിയുമ്പോള്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. കന്യസ്ത്രീ മരിച്ചദിവസം അതിരാവിലെ കോണ്‍വെന്റ് പരിസരത്ത് രണ്ടുപേരെ അവിചാരിതമായ സാഹചര്യത്തില്‍ കണ്ടെന്ന് കഴിഞ്ഞ ദിവസം ഒരാള്‍ മൊഴി നല്‍കിയിരുന്നു. അതോടെയാണ് ആത്മഹത്യയെന്ന് പറഞ്ഞ് ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അറസ്റ്റുകളും ഉണ്ടാകുമെന്നാണ് സൂചന.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‌പിക്കും. ഇക്കാര്യത്തില്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആശയ വിനിമയം നടത്തി. കന്യാസ്‌ത്രീയുടെ മരണം കൊലപാതകമാണെന്ന കൂടുതല്‍ സൂചനകള്‍ പുറത്തുവന്നതോടെ, മരണം ആത്മഹത്യയാക്കി ചിത്രീകരിച്ച പൊലീസ് നടപടിക്കെതിരേ സംസ്ഥാന കോണ്‍ഗ്രസിലും യുഡിഎഫിലും അതുവഴി സര്‍ക്കാരിലും കടുത്ത സമ്മര്‍ദ്ദമാണുള്ളത്.
കോണ്‍വെന്‍റിലെ രണ്ടു കോണ്‍ക്രീറ്റ് മേല്‍മൂടികളുള്ള ജലസംഭരണിയുടെ ഇടതുവശത്തെ മൂടി നീക്കിവെച്ച നിലയിലായിരുന്നു. 12 അടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ടാങ്കില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെരുപ്പുകള്‍ രണ്ടും ടാങ്കില്‍ ഒരു വശത്തായി കിടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ടാങ്ക് തിരഞ്ഞെടുത്തത് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ലത്തീന്‍ കത്തോലിക്കാ സഭയിലെ ഒരു വികാരിയെ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണത്തിനു വഴിയൊരുങ്ങുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ യൂജിനും സുഹൃത്ത് വിജയനും സിസ്റ്റര്‍ ആന്‍സിയുടെ മരണവുമായി ബന്ധമുണ്ടെന്നു വന്നതോടെ ഇരുവരും നിരീക്ഷണത്തിലാണ്. മരണം ആത്മഹത്യാക്കാന്‍ വ്യഗ്രത കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി ഉള്‍പ്പെടെയാണ് ആലോചിക്കുന്നത്. ഈ കേസില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ച് ജനത്തിനും നിയമത്തിനും മുന്നില്‍ പേരു ചീത്തയാക്കാന്‍ യുഡിഎഫ് നേതൃത്വത്തിനു താല്‌പര്യമില്ല.
ടാങ്കിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മുങ്ങിമരിക്കുമ്പോള്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആന്തരികാവയവങ്ങളുടെയും വാട്ടര്‍ ടാങ്കിലെ ജലത്തിന്റെയും പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂ. ത്വക്‌രോഗം ബാധിച്ച് ആന്‍സിയുടെ ദേഹം മുഴുവന്‍ ചുവന്ന് തടിച്ചിരുന്നു എന്ന് കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കിലും രോഗത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇവര്‍ക്ക് പ്രമേഹരോഗവും ഉണ്ടായിരുന്നു. ഹെയര്‍ഡൈ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ അലര്‍ജിമൂലം ഇവര്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നുമാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
സംഭവദിവസം അഞ്ചേകാലോടെ രണ്ട് പുരുഷന്മാരെ കോണ്‍വന്റിന്റെ പരിസരത്ത് സംശയാസ്‌പദമായി കണ്ടതായി പള്ളിയുടെ സമീപത്ത് കട നടത്തുന്ന ഒരാള്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്. കന്യാസ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് തലേദിവസം കോണ്‍വെന്റില്‍ അപരിചിതരായ രണ്ടുയുവാക്കള്‍ എത്തിയിരുന്നതായി മറ്റൊരാള്‍ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സിസ്റ്ററുടെ മരണം ദുരൂഹതകള്‍ നിറഞ്ഞതാണ് എന്നാണ്. സിസ്‌റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ആദ്യം മുതല്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിയത്. എന്നാല്‍ സിബിഐ അന്വേഷണത്തോടെ ഗതി മാറി. രണ്ട് പുരോഹിതന്‍മാരും ഒരു കന്യാസ്‌ത്രീയും അറസ്‌റ്റിലാവുകയും ചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല