1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2023

സ്വന്തം ലേഖകൻ: ഇസ്രായേല്‍ സന്ദര്‍ശിച്ച തീര്‍ഥാടക സംഘത്തില്‍നിന്ന് ആറു പേര്‍ അപ്രത്യക്ഷരായതായി പരാതി. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയത്. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായിരിക്കുന്നത്.

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ അപ്രത്യക്ഷമായത്. ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായത് വിവാദമായിരുന്നു.

2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരമാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഈജിപ്ത്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.

ഫെബ്രുവരി 11-നാണ് ഇസ്രായേലില്‍ പ്രവേശിച്ചത്. 14-ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരും 15-ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍നിന്നു മറ്റു മൂന്നു പേരും അപ്രത്യക്ഷരായതായി പരാതിയില്‍ വെളിപ്പെടുത്തുന്നു. ഇസ്രായേല്‍ പോലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇസ്രായേലിലേക്കു തീർഥയാത്ര പോയ സംഘത്തിലെ ആറു പേർ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയതെന്ന് സംശയിക്കുന്നതായി ഫാ.ജോർജ് ജോഷ്വ മനോരമ ന്യൂസിനോടു പറഞ്ഞു.

വൻ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 26 അംഗ യാത്രാ സംഘത്തിലുൾപ്പെട്ട ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രായേലിൽവച്ച് അപ്രത്യക്ഷരായെന്നാണ് പരാതി. 2006 മുതൽ തീർഥാടകരുമായി താൻ ഇസ്രായേൽ സന്ദർശിക്കുന്നതാണെന്ന് ഫാ. ജോർജ് ജോഷ്വ നൽകിയ പരാതിയിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.