സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ മലപ്പുറത്തുനിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ആറിലധികം മലയാളികളുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദിസ്(26) എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
മലപ്പുറം കൊണ്ടോട്ടി, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍വീതം കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. പാലക്കാട് സ്വദേശി യഹിയ നേരത്തെ കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഐ.എസിന്റെ മുന്നണി പോരാളികളായിരുന്ന ബഹ്‌റൈന്‍ ഗ്രൂപ്പ് എന്ന വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലെത്തി ഐ.എസില്‍ച്ചേര്‍ന്നവരാണ് ഇവര്‍.
ഇതില്‍ ഉള്‍പ്പെട്ട മലയാളികള്‍ അടക്കമുള്ളവരെ 2015 സെപ്റ്റംബര്‍ മുതല്‍ കാണാതായതായിരുന്നു. അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറിലെത്തിയ മലയാളികളുടെ സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സൂചനകള്‍ ഉണ്ടായിരുന്നു. ബഹ്‌റൈനില്‍ ജോലിചെയ്തിരുന്ന ഇവരും അഫ്ഗാനിസ്താന്‍ വഴിയാണ് സിറിയയിലെത്തിയത്. കേരളത്തില്‍നിന്ന് ഐ.എസില്‍ച്ചേരാന്‍ അഫ്ഗാനിസ്താനിലെത്തിയ 21 പേര്‍ക്ക് പരിശോധന കര്‍ശനമായതിനെ തുടര്‍ന്നാണ് സിറിയയിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്.
സ്ത്രീകളും പുരുഷന്‍മാരുമായി 350 ലേറെ പേരെയാണ് അഫ്ഗാനിസ്താന്‍ ഗ്രൂപ്പില്‍ അംഗമായ അബ്ദുള്‍റഷീദിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍വഴി റിക്രൂട്ട് ചെയ്തത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
നവമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ മലയാളികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 30തോളം ശബ്ദസന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല