സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കിടയില്‍ മാരകമായ ത്വക് രോഗം പടര്‍ന്നു പിടിക്കുന്നു. ഒരു തരം മണലീച്ചയില്‍ നിന്നുള്ള കടിയേറ്റ് തൊലിപ്പുറത്ത് മുറിവുണ്ടാവുകയും അതില്‍ പഴുപ്പു ബാധിച്ച് മാരകമാവുകയുമാണ് ചെയ്യുന്നത്. ലെയ്ഷ്മാനിയാസിസ് എന്ന പ്രോട്ടോസോവന്‍ പരാദമാണ് രോഗം പരത്തുന്നത്. പോരാളികള്‍ക്കിടയില്‍ ഒരു നിശ്ബദ കൊലയാളിയായി ഈ രോഗം മാറുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മലിനീകരണവും വൃത്തിയില്ലാത്ത ചുറ്റുപാടുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകള്‍ ക്രമേണ മാംസം ഭക്ഷിച്ച് കൂടുതല്‍ വലുതാവും. വളരെയെളുപ്പം ചികിത്സിക്കാവുന്ന രോഗമായിട്ടും ജിഹാദി പോരാളികള്‍ അതിന് തയ്യാറാകുന്നില്ലെന്നും അതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഈ അസുഖം ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
സിറിയയിലെ യുദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ രോഗബാധിതരെ ചികിത്സിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് സൈനികര്‍ അവരെ തടയുകയാണ്. ഒപ്പം ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുക്കുകയും ചെയ്യുന്നു.
2013 സെപ്റ്റംബറിലാണ് രോഗം തീവ്രവാദികള്‍ക്കിടയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ഒടുവില്‍ കണക്കുകള്‍ ലഭ്യമായ 2014 മധ്യത്തില്‍ ഏതാണ്ട് ആയിരം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതിവേഗം പടരുന്ന രോഗമായതിനാല്‍ ഇതിനകം നല്ലൊരു ശതമാനം ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ടാകും എന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല