ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ എജെന്‍സിയുടെ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ മൂന്നു മണിക്കൂറോളം യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരുന്നുവെന്നും ക്ഷമ കെട്ട യാത്രക്കാര്‍ ഇടിച്ചു കയറി പുറത്തു പോകാന്‍ ശ്രമിച്ചെന്നും ഒടുവില്‍ പോലീസിനെ വിളിച്ചാണ് കാര്യങ്ങള്‍ നേരെയാക്കിയതെന്നുമുള്ള വാര്‍ത്ത വന്നത് ഇക്കഴിഞ്ഞയാഴ്ചയാണ്.ഒളിമ്പിക്സ് അടുത്തതിനാല്‍ തിരക്ക് കൂടിയാതാണെന്ന് ബോര്‍ഡര്‍ എജെന്സി ആരോപിക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതാണെന്ന ആരോപണമാണ് വിമാനക്കമ്പനികള്‍ ഉന്നയിക്കുന്നത്.അമിതമായ തിരക്ക് കാരണം ശരിയായ പരിശോധനകള്‍ ഇല്ലാതെയാണ് ഭൂരിപക്ഷം യാത്രക്കാരും രാജ്യത്തേക്ക് കടക്കുന്നത്.
എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നില്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കുറഞ്ഞ പക്ഷം പണമുള്ളവരെയെങ്കിലും ആശ്വസിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.വിമാനത്തിനടുത്ത് നിന്നും നിങ്ങളെ ലിമോസിന്‍ കാറില്‍ കയറ്റി രാജകീയമായി സ്വീകരിച്ച് വി ഐ പി ലോഞ്ചില്‍ കൊണ്ടു പോയിരുത്തും.വേണമെങ്കില്‍ ഷാമ്പെയിന്‍ അടക്കമുള്ള പാനീയങ്ങളും കഴിച്ച് ചെറിയൊരു വിശ്രമവും ആവാം.ഈ സമയം നിങ്ങളുടെ യാത്രാരേഖകള്‍ പരിശോധിച്ച് ഇമിഗ്രേഷന്‍ സീലടിച്ച് കയ്യില്‍ തരും.ഒപ്പം നിങ്ങളുടെ ലഗേജും കയ്യില്‍ എത്തിച്ചു തരും.
വെറും 1800 പൌണ്ട് മാത്രം നല്‍കിയാല്‍ മതി ഈ രാജകീയ സേവനത്തിന് എന്നാണ് ബോര്‍ഡര്‍ എജെന്സി അധികൃതര്‍ പറയുന്നത്.ഈ ഫീസ് അടച്ചാല്‍ ആറു യാത്രക്കാരെ വരെ വി ഐ പി പരിഗണനയില്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കും.പ്രധാനമായും പണക്കാരായ യാത്രക്കാരെ ഉദ്ദേശിച്ചുള്ള ഈ പരിഷ്ക്കാരത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണങ്ങളുമായി രംഗത്ത് വന്നു കഴിഞ്ഞു.സാധാരണക്കാരായ ആളുകള്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് സേവനം നല്‍കേണ്ട ജീവനക്കാരെ തന്നെയാണ് പണക്കാര്‍ക്ക് രാജകീയ സേവനം നല്‍കാന്‍ വേണ്ടി
ഉപയോഗിക്കുന്നത്.ഇത് സാധാരണ ക്യൂവിലെ തിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രധാന ആരോപണം.എന്തായാലും മുതലാളിത വ്യവസ്ഥ മാത്രമേ രാജ്യത്തെ രക്ഷിക്കൂ എന്ന് വിശ്വസിക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ഈ പരിഷ്ക്കാരവും നടപ്പിലാവുക തന്നെ ചെയ്യും.കയ്യില്‍ കാശുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ പരിഷ്ക്കാരം എങ്ങിനെയുണ്ടെന്നു പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല