സ്‌കൈപ്പിലുടെ ചാറ്റ് ചെയ്യുന്നതിനിടെ കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കികൊല്ലാന്‍ പറഞ്ഞ ബ്രട്ടീഷ് പൗരന്‍ അറസ്റ്റില്‍. കാമുകി കുഞ്ഞിനെ ബക്കറ്റിലെ വെളളത്തില്‍ മുക്കുന്നത് സ്‌കൈപ്പിലൂടെ ഇയാള്‍ കാണുകയും ചെയ്തു. അമാസ് ഖുറേഷി എന്ന 33 കാരനാണ് നോര്‍വേയിലെ പ്രോസിക്യൂട്ടേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
വിവാഹിതനായ ഖുറേഷി യാസ്മിന്‍ ചൗധരി എന്ന 27 കാരിയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഓണ്‍ലൈന്‍ ചാറ്റിലൂടെ സംസാരിക്കുകയായിരുന്ന സമയത്ത് യാസ്മിന്റെ ഒരു വയസ്സുളള കുട്ടി ഡങ്ക് ഹുനൈന കരഞ്ഞു. ചാറ്റിങ്ങ് മുറിഞ്ഞ ദേഷ്യത്തില്‍ ഖുറേഷി യാസ്മിനോട് കുട്ടിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യാസ്മിന്‍ കുട്ടിയെ വെളളത്തില്‍ മുക്കി. നോര്‍ത്ത് ലണ്ടനിലെ വീട്ടിലിരുന്ന് സ്‌കൈപ്പിലൂടെ ഖുറേഷി സംഭവം കാണുകയും ചെയ്തു. കുട്ടിക്ക് ശ്വാസമില്ലെന്ന് കണ്ട് യാസ്മിന്‍ ഡോക്ടര്‍മാരെ വിളിക്കുകയായിരുന്നു. അബദ്ധത്തില്‍ വെളളത്തില്‍ വീണതെന്നായിരുന്നു ഡോക്ടര്‍മാരോട് ചൗധരി പറഞ്ഞത്. കുട്ടി മരിച്ചതിനെ തുടര്‍ന്ന് യാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖുറേഷിയല്ല കുട്ടിയുടെ പിതാവെന്ന് യാസ്മിന്‍ പിന്നീട് പോലീസിനോട് പറഞ്ഞു.
കുട്ടിയെ കൊല്ലാന്‍ പറഞ്ഞത് ഖുറേഷിയാണന്ന് യാസ്മിന്‍ പോലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നോര്‍വീജയന്‍ ഓഫീസര്‍മാര്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നോര്‍വീജിയന്‍ പോലീസ് ലണ്ടനിലെത്തി ഇയാളെ ചോദ്യം ചെയ്യുന്നത്. കുട്ടിയെ വെളളത്തില്‍ മുക്കുന്നത് താന്‍ സ്‌കൈപ്പ് വഴി കണ്ടെന്ന് ഖുറേഷി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ കുട്ടിയെ കൊല്ലാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുറേഷിയുടെ നിലപാട്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ നോര്‍വീജിയന്‍ പോലീസ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടന്റായ ഖുറേഷിയെ കൊലപാതക പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖുറേഷിയുടെ ഭാര്യ സാറ പോലും നോര്‍വീജിയന്‍ പോലീസ് ചോദ്യം ചെയ്യാനെത്തുമ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. ഏഴ് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. സാറ അറിയാതെയാണ് ഖുറേഷി യാസ്മിനുമായുളള ബന്ധം തുടര്‍ന്നത്. ജൂലൈ 20നാണ് ഖുറേഷിയുടെ വിചാരണ തുടങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല