മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിംഗ് സേവനമായ സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി. പരീക്ഷണാര്‍ത്ഥം യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്‌കൈപ്പ് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കാന്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കുന്നതോടെ ഇനി പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല.
സ്‌കൈപ്പ് ബീറ്റയ്ക്കുള്ള ന്യൂനതകള്‍ പരിഹരിച്ചശേഷമായിരിക്കും അത് ലോകമെമ്പാടും അവതരിപ്പിക്കുകയുള്ളു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എപ്പോഴായിരിക്കും ഈ സേവനം എത്തിക്കുക എന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇന്ത്യയിലെ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ക്കായി സ്‌കൈപ്പിന്റെ ലൈറ്റ് പതിപ്പ് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് അവരുടെ ലൈറ്റ് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്. വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇത്.
സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് അവരുടെ സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന്റെയും ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെയും വെബ് പതിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ സ്‌കൈപ്പും ഇത് ചെയ്തിരിക്കുന്നതെന്നാണ് ടെക് ലോകത്തെ സംസാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല