സ്വന്തം ലേഖകന്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ത്കുമാര്‍, ആര്‍. അശോക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്.എം. കൃഷ്ണ രംഗത്തെത്തി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു നയിച്ചവരാണ് മോദിയും സംഘവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. മഹാന്‍മാരായ നേതാക്കള്‍ നയിച്ച പാര്‍ട്ടിയില്‍ ചേരാനായതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ പുതിയൊരു ഇന്ത്യ ഉദയം കൊള്ളുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിടുന്ന സമയത്തു കൃഷ്ണയേപ്പോലുള്ള മുതിര്‍ന്ന നേതാവ് ബിജെപിയിലേക്കു പോകുന്നത് പാര്‍ട്ടിക്ക് കനത്ത് തിരിച്ചടിയാകും. ഈ വര്‍ഷം ജനുവരി 29നാണ് കൃഷ്ണ കോണ്‍ഗ്രസ് വിട്ടത്. മാര്‍ച്ച് 15ന് കൃഷ്ണ ബിജെപിയില്‍ പ്രവേശിക്കുമെന്നായിരുന്നു മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മരണത്തെ തുടര്‍ന്നു ബിജെപി പ്രവേശന തിയതി മാറ്റി വയ്ക്കുകയായിരുന്നു.
മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു കൃഷ്ണ. 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയും 2009 മുതല്‍ 2012 കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന കൃഷ്ണ 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്നതോടെ എസ്.എം. കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്ന സൂചനകളും ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല