സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നിർവ്വഹിച്ചു. പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന യോഗത്തിന് സെക്രട്ടറി ഡിനു ഓലിക്കൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ജോസ് കെ ആന്റണി, ട്രഷറർ ഷാൽമോൻ പങ്കേത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ.
ആദ്യ മത്സരങ്ങളിൽ പൂൾ എ യിൽ എസ് എം എ യുടെ സ്വന്തം ടീമായ സ്മാകും വൂസ്റ്റർ അമിഗോസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പൂൾ ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ എസ് എം സി ക്രിക്കറ്റ് ക്ലെബ്ബും പോർട്സ്‌മൗത്ത് കെ സി സി പിയും ഏറ്റുമുട്ടി. ആദ്യ മത്സരങ്ങളിൽ സ്‌മാകും പോർട്ടസ്‌മൗത്ത് കെ സി സി പിയും വിജയികളായി. ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത് കെ സി സി പിയെ പിടിച്ച് കെട്ടിയാണ് ഗ്ലോസ്റ്റർഷെയർ ജി എസ് എൽ വിജയികളായത്. ജി എസ് എൽ പന്ത്രണ്ട് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയപ്പോൾ മുൻ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത് കെ സി സി പിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് മാത്രമേ സ്‌കോർ ബോർഡിൽ എഴുതിച്ചേർക്കാനായുള്ളൂ. 48 റൺസിനാണ് മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ജിഎസ്എൽ ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ബൗളറായി കൊമ്പൻസിന്റെ ജുബിനും മികച്ച ബാറ്റ്‌സ്മാനായി പോർട്സ്‌മൗത്ത് കെ സി സി പിയുടെ ജാവിദും തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെന്റ് ഓസ്മാൻഡ്‌സ് സ്‌കൂൾ ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ മുഖ്യാതിഥിയായി. ടൂർണമെന്റ് ജേതാക്കളായ ജിഎസ്എൽ ന് ടൂർണമെന്റ് സ്പോൺസർമാരിലൊരാളായ ലോയൽറ്റി ഫിനാൻഷ്യൽ സർവീസിന്റെ ഷാജി മാമ്പിള്ളി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. റണ്ണറപ്പായ പോർട്സ്‌മൗത്ത് കെ സി സി പിക്ക് ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ ട്രോഫിയും സമ്മാനത്തുകയായ അറുന്നൂറു പൗണ്ടും സമ്മാനിച്ചു. മികച്ച ബൗളർക്കും ബാറ്റ്‌സ്മാനും പ്രസിഡന്റ് ഷിബു ജോണും രക്ഷാധികാരി ജോസ് കെ ആന്റണിയും ട്രോഫികൾ സമ്മാനിച്ചു. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിന്റെ ഒഫിഷ്യൽ അമ്പയർമാരും സ്കോറർമാരുമാണ് ടൂർണമെന്റിലെ മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിച്ചത്.
മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ ജോസ് കെ ആന്റണി, ജോണ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകർ ഒരുക്കിയിരുന്നു. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തിയ ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. എസ് എം എ സ്പോർട്സ് കോർഡിനേറ്റർ ജോൺ പോൾ, സ്മാക് ക്യപ്റ്റൻ അരുൺ കൃഷ്ണൻ, വൈസ് ക്യപ്റ്റൻ പദ്മരാജ്, ജിനോയെസ്, സുമിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള ഒരുക്കങ്ങൾ നടത്തിയത്. എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം മേഴ്‌സി സജീഷ് ഏവർക്കും നന്ദിയർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല