സുജു ജോസഫ് (പി ആർ ഓ, സാലിസ്ബറി): സെപ്റ്റംബർ 4 ശനിയാഴ്ച നടന്ന സാലിസ്ബറി മലയാളി അസ്സോസിയേഷൻ ഓണാഘോഷത്തിന് സാലിസ്ബറി മലയാളികളിൽ നിന്ന് ലഭിച്ചത് അഭൂതപൂർവ്വമായ ആവേശം. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളം നീണ്ടു നിന്ന ലോക്ക്ഡൗണുകളിൽ നിന്ന് മോചിതമായതോടെ ഇക്കുറി ഓണാഘോഷങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ കൂടുതൽ തിരക്കും സ്വീകാര്യതയുമാണ് അനുഭവപ്പെട്ടത്. സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനും ഇക്കുറി പതിവിൽ കവിഞ്ഞ ആവേശവമാണ് അനുഭവപ്പെട്ടത്. ഒന്നര വർഷത്തിനിടയിൽ ലഭിച്ച അംഗങ്ങൾ ഒരുമിച്ചുള്ള കൂടിക്കാഴ്ചയും പുതുതായി എസ് എം എയിൽ എത്തിയ അൻപതിലധികം കുടുംബങ്ങളുടെ ഒരുമിച്ചുള്ള ആഘോഷവും എസ് എം എ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ഏറെ നാളുകൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷം രാവിലെ പതിനൊര മണിയോടെ ആരംഭിച്ച ഓണാഘോഷങ്ങൾക്ക് വടംവലിയോടെയാണ് തുടക്കമായത്. പുരുഷന്മാരുടെ വടംവലിയിൽ ഒൻപത് അംഗങ്ങൾ അടങ്ങിയ നാല് ടീമുകളാണ് ആവേശപ്പോരിനിറങ്ങിയത്. ലൂയിസ് തോമസ് ടീം ക്യാപ്റ്റനായ ടീമിനായിരുന്നു ഫൈനലിൽ വിജയം. സ്ത്രീകൾക്കായി ഒരുക്കിയ പ്രദർശന മത്സരവും വടംവലി മത്സരത്തിന് ആവേശമൊരുക്കി. ഇരുപത്തിയെട്ട് കൂട്ടം ഓണസദ്യയായിരുന്നു ആഘോഷങ്ങളിലെ ഹൈലൈറ്റ്. ജോസ് കെ ആന്റണിയും ജോൺ പോളും സജീഷ് കുഞ്ചെറിയായും, സന്തു ജോർജ്ജും നേതൃത്വം കൊടുത്ത സദ്യയൊരുക്കൽ കോർഡിനേറ്റർ കുര്യാച്ചൻ സെബാസ്റ്റിയന്റെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങളുടെ സജീവ സഹകരണത്തോടെയാണ് നടന്നത്.
മുഖ്യാതിഥി സാലിസ്ബറി എം പി ജോൺ ഗ്ലെൻ എത്തിയതോടെ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണമാണ് അംഗങ്ങൾ നൽകിയത്. ഘോഷയാത്രയുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ച എംപിക്ക് കേരളത്തിന്റെ തനത് പൈതൃകങ്ങൾ കണ്ടാസ്വദിക്കാനായി. മാവേലിയെ വരവേൽക്കലും പുലികളിയും തിരുവാതിരയും ഓണം തീം ഡാൻസും മതിമറന്ന് ആസ്വദിച്ച എം പി ജോൺ ഗ്ലെനും ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. എസ് എം എ ഓണാഘോഷ ചിത്രങ്ങൾ എം പി ജോൺ ഗ്ലെൻ ട്വീറ്റ് ചെയ്തതും ഏറെ ശ്രദ്ധേയമായി.
തുടർന്ന് പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ 2021 എസ് എം എ ഓണാഘോഷവും എസ് എം എ ഡ്രാമാ ക്ലെബ്ബും എം പി ജോൺ ഗ്ലെൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. എസ് എം എ അംഗം റ്റിജിയുടെ മാതാവ്, രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ പ്രതിനിധികളായ എം പി പദ്മരാജ്, സുജു ജോസഫ് തുടങ്ങിയവർ മുഖ്യാതിഥിക്കും ഭാരവാഹികൾക്കുമൊപ്പം തിരി തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി നിധി ജയ്‌വിൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡിനു ഓലിക്കലിന്റെ ഹൃദ്യവും ഹൃസ്വവുമായ റിപ്പോർട്ട് അവതരണം എസ് എം എയുടെ നാളിതുവരെയുള്ള പ്രവർത്തന നേട്ടങ്ങൾ എടുത്ത് കാട്ടുന്നതായിരുന്നു. രക്ഷാധികാരി ജോസ് കെ ആന്റണി ഏവർക്കും ആശംസയറിയിച്ചു. എ ലെവൽ ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ആഞ്ജലീന സാബു, അലീന ജിനോ, നിഖിൽ ഷിബു, തനുഷാ പിങ്കി റ്റിജി തുടങ്ങിയവർക്ക് എസ് എം എയുടെ ഉപഹാരം എം പി ജോൺ ഗ്ലെൻ സമ്മാനിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത് നന്ദി അറിയിച്ചു.
തുടർന്ന് നടന്ന കലാപരിപാടികൾക്ക് കൾച്ചറൽ കോർഡിനേറ്റർ ശ്രീമതി രമ്യ ജിബിയും ശ്രീമതി സിൽവി ജോസും നേതൃത്വം നൽകി. കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത കലാവിരുന്ന് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. അതേസമയം സാലിസ്ബറി മലയാളി അസോസിയേഷൻ രൂപം കൊടുത്ത ഡ്രാമാ
ക്ലെബ്ബിന്റെ ആദ്യ നാടകമായ ഒഥെല്ലോ മുക്തകണ്‌ഠ പ്രശംസ നേടി. വില്യം ഷേക്സ്പിയറുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി രചിച്ച ഒഥെല്ലോ സംവിധായകൻ ജീവൻ ജോസ് കൈതാരത്തിന്റെ നേതൃത്വത്തിൽ വേദിയിലെത്തിയപ്പോൾ നിറഞ്ഞ കയ്യടിയായിരുന്നു പ്രേക്ഷകർ നൽകിയത്. ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെ എം പി പദ്മരാജ്, ആൻമേരി, ജീവൻ ജോസ്, ജിനോ ജോസ്, ജിനോയെസ് കിഴക്കേപ്പറമ്പിൽ, നിധി ജയ്‌വിൻ, ജോസ് കെ ആന്റണി, ഷാൽമോൻ പങ്കേത്, ഡിനു ഓലിക്കൽ തുടങ്ങിയവർ വേദിയിലും പിന്നണിയിൽ ബിൻസുവും വിഷ്ണുവും നിറഞ്ഞാടിയപ്പോൾ അഭ്രപാളിയിലേതിന് സമാനമായ അനുഭവമായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചത്. ഒഥെല്ലോ ടീമിനും മുന്നിൽ നിന്ന് നയിച്ച ജീവനും പ്രസിഡന്റ് ഷിബു ജോൺ നന്ദിയറിയിച്ചു.
ഏകദേശം 260ഓളം പേർ പങ്കെടുത്ത പത്ത് മണിക്കൂറോളം നീണ്ടു നിന്ന ആഘോഷപരിപാടികൾ രാത്രി ഒൻപത് മണിയോടെയാണ് സമാപിച്ചത്. സ്റ്റാലിൻ സണ്ണി പകർത്തിയ ആഘോഷങ്ങളുടെ മികച്ച ചിത്രങ്ങളും വീഡിയോകളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://m.facebook.com/Salisbury-Malayalee-Association-SMA-397571566989357/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല