നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൌണ്ടിയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സ്കന്തോര്‍പ് മലയാളി അസോസിയേഷന്‍ (എസ് എം എ) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന് നടത്തുന്നു. സ്കന്തോര്‍പ് ആഷ്ബിയിലുള്ള സെന്റ് ബെര്‍ണാഡാറ്റസ് കാത്തലിക് ദേവാലയത്തിന്റെ പാരിഷ് ഹാളിലാണ് ഓണാഘോഷത്തിനു വേദി ഒരുക്കുക.
ശനിയാഴ്ച രാവിലെ 11 .00 മണിക്ക് നോര്‍ത്ത് ലിങ്കണ്‍ ഷെയര്‍ കൌണ്‍സില്‍ പ്രതിനിധി ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തനിമയും, കൌതുകവും, ഗംഭീരവുമായ പരിപാടികള്‍ കോര്‍ത്തിണക്കി അവിസ്മരണീയമാകുമെന്ന് പ്രസിഡണ്ട് മനോജ് വാണിയപ്പുരക്കല്‍, സെക്രട്ടറി ഡോമിനിക് കൊച്ചുമലയില്‍ എന്നിവര്‍ അറിയിച്ചു.
സാംസ്കാരിക പരിപാടികള്‍ക്ക് ശേഷം അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഓണാഘോഷ കലാപരിപാടികള്‍ ആരംഭിക്കും. മഞ്ജു ഷിബു, ജയമോള്‍ സോണി, ജെമ്സീന ജീജ്സന്‍ , ജസ്റ്റിന്‍ കാരിക്കല്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
ഷിബു ഈപ്പന്‍ , ഷൈജു പുതുവീടു തുടങ്ങിയവര്‍ കായിക മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. വടംവലി, പുലിക്കളി തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
സ്കന്തോര്‍പ്പിലും പരിസരതുമായ് വസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും എസ് എം എ തിരുവോണം 2011 ലേക്ക് ക്ഷണിക്കുന്നതായ് സംഘാടക സമിതി അറിയിച്ചു. നോര്‍ത്ത് ലിങ്കണ്‍ ഷെയര്‍ കൌണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തഥവസരത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും.
മത്തായി കാരിക്കല്‍, സെബാസ്റ്റ്യന്‍ വൈക്കം എന്നിവര്‍ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല